വണ്ടി മാത്രമല്ല തങ്ങളുടെ പ്ലാന്‍റില്‍ ജീവന്‍ രക്ഷാ ഉപകരണമായ വെന്‍റിലേറ്ററുകളും നിര്‍മ്മിക്കാനാകുമെന്ന് തെളിയിച്ചാണ് ഈ കൊറോണക്കാലത്ത് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ജനഹൃദയങ്ങളില്‍ നിറഞ്ഞത്.  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെയ്‌സ് ഷീല്‍ഡ് നിര്‍മിച്ച് നല്‍കുമെന്നതായിരുന്നു മഹീന്ദ്രയുടെ ഏറ്റവുമൊടുവിലെ പ്രഖ്യാപനം. 

പറഞ്ഞതിനു തൊട്ടു പിന്നാലെ ഈ വാഗ്‍ദാനവും പൂര്‍ത്തിയായിരിക്കുകയാണ് കമ്പനി. മഹീന്ദ്രയുടെ ജീവനക്കാര്‍ ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കുന്നതിന്റെ ചിത്രം ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റും ചെയ്‍തു. 

മഹീന്ദ്രയുടെ മുംബൈ കാണ്ടിവാലി പ്ലാന്റിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 500 ഫെയ്‌സ്ഷീല്‍ഡുകളാണ് നിര്‍മിക്കുകയെന്നും പിന്നീട് എണ്ണം കൂട്ടുമെന്നുമാണ് കഴിഞ്ഞ ദിവസം മഹീന്ദ്ര അറിയിച്ചത്. 

വളരെ ലളിതമായ ഡിസൈനില്‍ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഷീല്‍ഡുകളാണ് മഹീന്ദ്രയുടെ പ്ലാന്റില്‍ ഒരുങ്ങുന്നത്. ഇത് ആര്‍ക്കുവേണമെങ്കിലും നിര്‍മിക്കാന്‍ സാധിക്കും. ഇതിനുള്ള ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് മഹീന്ദ്രയുമായി ബന്ധപ്പെടാമെന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.  മഹീന്ദ്രയുടെ പാര്‍ട്‍ണര്‍ കൂടിയായ അമേരിക്കന്‍ വാഹന നിർമാതാക്കളായ ഫോര്‍ഡില്‍ നിന്നുമാണ് മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകൽപ്പന സ്വന്തമാക്കിയയത്.  

അതിനിടെ മഹീന്ദ്രയുണ്ടാക്കിയ വെന്‍റിലേറ്ററിന്‍റെ പ്രവര്‍ത്തന വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വെന്‍രിലേറ്റര്‍ നിര്‍മ്മിക്കാമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ജീവനക്കാര്‍ അതിന്‍റെ മാതൃക പുറത്തിറക്കിയത്. വെറും 7500 രൂപ മാത്രമാണ് ഇതിന്‍റെ വില. നിലവില്‍ 10 ലക്ഷം രൂപയെങ്കിലും വെന്‍റിലേറ്റര്‍ ഒന്നിനു വില വരുന്നിടത്താണ് മഹീന്ദ്രയുടെ ഈ നിര്‍ണായക ചുവടുവയ്‍പ് എന്നതാണ് ശ്രദ്ധേയം.