പൂർണ്ണമായും വനിതകൾ ജോലിക്കാരായുള്ള വർക്ക്​ഷോപ്പുമായി രാജ്യത്തെ ആഭ്യന്തര വാഹനിർമ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര & മഹീന്ദ്ര. ജയ്‍പൂരിലാണ് ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ വര്‍ക് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. കല്ല്യാണ്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ഈ കോംപാക്ട് ക്യൂക്ക് സര്‍വീസ് ഔട്ട്ലെറ്റ്.  ഒമ്പത്​ വനിതകളാണ്​ ജയ്​പൂരിൽ പ്രവർത്തിക്കുന്ന ഈ മഹീന്ദ്ര വർക്ക്​ഷോപ്പിലെ ജീവനക്കാർ. 

സാ​ങ്കേതിക വിദഗ്​ധർ​, സർവീസ്​ അഡ്വൈസർ, ഡ്രൈവർ, മാനേജർ, സെക്യൂരിറ്റി ഗാർഡ്​ തുടങ്ങി വർക്ക്​ഷോപ്പിലെ ജോലികളെല്ലാം സ്‍ത്രീകളാവും ചെയ്യുക. കമ്പനിയിൽ കൂടുതൽ വനിതാ ജീവനക്കാരെ എത്തിക്കാൻ ലക്ഷ്യമിട്ട്​ മഹീന്ദ്ര ആരംഭിച്ച പിങ്ക്​ കോളർ പദ്ധതിയുടെ ഭാഗമായാണ്​ പുതിയ വർക്ക്​ ഷോപ്പും തുടങ്ങിയത്​.

രാജ്യത്തെ എല്ലാ മഹീന്ദ്ര വര്‍ക്ക്‌ ഷോപ്പുകളിലും കൂടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം. ട്രെയിനികളിൽ മൂന്നിലൊന്ന്​ സ്​ത്രീകളെ നിയമിക്കണമെന്ന്​ മഹീന്ദ്ര ഡീലർമാർക്ക്​ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഇതിനായി പ്രത്യേക പരിശീലനവും നല്‍കും. ജീവനക്കാർക്ക്​ പരിശീലനം നൽകു​മ്പോൾ അടക്കേണ്ട ഫീസിൽ വനിതാ ജീവനക്കാർക്ക്​​ മഹീന്ദ്ര ഇളവ്​ അനുവദിച്ചിരുന്നു.