Asianet News MalayalamAsianet News Malayalam

പണിയില്ല, ഇത്രയും പേരെ പറഞ്ഞയച്ചു, പിരിച്ചുവിടല്‍ ഇനിയും തുടരുമെന്ന് ഈ വണ്ടിക്കമ്പനി!

രാജ്യത്തെ വാഹന വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുകയാണ് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര

Mahindra MD Pawan Goenka says that lays off 1500 temporary staff
Author
Mumbai, First Published Aug 20, 2019, 10:40 AM IST

മുംബൈ: കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്തെ വാഹന വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുകയാണ് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എം ഡി പവന്‍ ഗൊയങ്കയുടെ വാക്കുകള്‍. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1500 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി പവന്‍ ഗൊയങ്കെ പറയുന്നു. പ്രതിസന്ധി ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ പിരിച്ചുവിടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് വരും നാളുകളില്‍ അനേകര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നതിന്‍റെ സൂചനകളാണ് മഹീന്ദ്രയുടെ എം ഡി പവന്‍ ഗൊണേക നല്‍കുന്നത്. 'ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ ഞങ്ങള്‍ ഏതാണ്ട് 1,500 ഓളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഞങ്ങള്‍ കൂടുതല്‍ പേരെ പറഞ്ഞുവിടാതിരിക്കാന്‍ നോക്കുകയാണ്. എന്നാല്‍, മേഖലയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് പിരിച്ചുവിടല്‍ തുടരേണ്ടി വരും'. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പവന്‍ ഗൊയങ്കെ വ്യക്തമാക്കുന്നു. 

ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 18.71 ശതമാനം ഇടിവാണ് വ്യവസായം രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏതാണ്ട് 15,000 ത്തോളം ജീവനക്കാര്‍ക്ക് മേഖലയില്‍ തൊഴില്‍ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അടുത്ത ആറ് മുതല്‍ ഏട്ട് മാസത്തേക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാതെ വ്യവസായത്തിന് ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടാനാകില്ലെന്ന് ഗൊയങ്കെ അഭിപ്രായപ്പെട്ടു.  മുമ്പ് വ്യവസായത്തില്‍ ഇടിവ് ഉണ്ടായപ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ധനപരമായ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.   

പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 286 ഡീലർഷിപ്പുകളാണ് അടച്ചുപൂട്ടിയത്.  അതേസമയം രാജ്യത്ത് വൈദ്യുത വാഹനങ്ങളോടൊപ്പം പെട്രോള്‍, ഡീസല്‍ വാഹനങ്ങളും ഒരുമിച്ചു വളരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‍താവന വാഹന വ്യവസായ മേഖലക്ക് ആശ്വാസകരമായിരുന്നു. 

Follow Us:
Download App:
  • android
  • ios