ബിഎസ്-6 എന്‍ജിനില്‍ കൂടുതല്‍ സ്‌റ്റൈലിഷായി തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഫ്‌ളാഗ്ഷിപ്പ്‌ മോഡലായ മോജോ300. ഈ മോജോയുടെ പുതിയ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഇതിൽ ബൈക്കിന്റെ എല്ലാ കളർ ഓപ്ഷനുകളും ഇന്ത്യൻ ബ്രാൻഡ് വെളിപ്പെടുത്തുന്നു. റെഡ് അഗേറ്റ്, ബ്ലാക്ക് പേൾ, റൂബി റെഡ്, ഗാർനെറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് ഓപ്ഷനുകളില്‍ വാഹനം തെരഞ്ഞെടുക്കാം. 

നാല് കളർ ഓപ്ഷനുകൾക്കും ബ്ലാക്ക് വീലുകളാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. യഥാർത്ഥ പതിപ്പിൽ നിന്ന് വ്യത്യസ്തമായി ബിഎസ്6 മോഡലിന് ഇരട്ട എക്‌സ്‌ഹോസ്റ്റുകളോ അപ്സൈഡ് ഡൗൺ ഫോർക്കുകളോ ലഭിക്കുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ 2020 മഹീന്ദ്ര മോജോ പരിഷ്ക്കരിച്ച UT300 ആണെന്ന് ചുരുക്കം. പിറെല്ലി ടയറുകളും ഇടത് ഭാഗത്തെ എക്സ്ഹോസ്റ്റും ബിഎസ്6 മോജോയിലുണ്ടാവില്ല. ഭാരം കുറയുന്നതോടൊപ്പം വില പിടിച്ചു നിർത്താനും മഹീന്ദ്രയ്ക്ക് ഇതുവഴി സാധിക്കും.

ഒരു വലിയ ഡ്യുവൽ ഹെഡ്‌ലാമ്പ്, ഡ്യുവൽ-ചാനൽ എബിഎസ്, 21 ലിറ്റർ ഫ്യുവൽ ടാങ്ക്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 320 mm ഫ്രണ്ട് പെറ്റൽ ഡിസ്ക് ബ്രേക്ക്, പിൻഭാഗത്ത് 240 mm യൂണിറ്റ്, എൽഇഡി ടെയിൽ ലാമ്പ് മുതലായവ മോജോ 300-ലെ ഏറ്റവും പ്രധാന സവിശേഷതകളാണ്. സോഫ്റ്റ് ഓഫ്‌റോഡിംഗ് കഴിവുകളുള്ള ഒരു ടൂറർ മോട്ടോർസൈക്കിൾ ആയതിനാൽ ഫ്രണ്ട് സസ്‌പെൻഷൻ ട്രാവൽ 143 മില്ലീമിറ്ററായി സജ്ജീകരിച്ചപ്പോൾ റിയർ മോണോഷോക്ക് 135 മില്ലീമീറ്റർ ട്രാവൽ നൽകുന്നു.

ട്വിൻ ഹാലൊജൻ ഹെഡ് ലൈറ്റുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ പുത്തൻ മോജോയിലും മാറ്റമില്ലാതെ തുടരും. ടെലിസ്കോപിക് മുൻ സസ്‌പെൻഷനും, മോണോ ഷോക്ക് പിൻ സസ്‌പെൻഷനും ആണ് മോജോയ്ക്ക്. 320 എംഎം ഡിസ്ക് മുൻ ചക്രത്തിലും 240 എംഎം ഡിസ്ക് പിൻ ചക്രത്തിലും ബ്രെക്കിംഗ് നല്‍കും.

ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്നതിനൊപ്പം കരുത്തും ഉയര്‍ത്തിയ എന്‍ജിനായിരിക്കും പുതിയ മോജോയില്‍ സ്ഥാനം പിടിക്കുകയെന്നാണ് വിവരം. 295 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് ലിക്വിഡ് കൂൾഡ് എൻജിൻ തന്നെ പരിഷ്‌കാരങ്ങളോടെ പുത്തൻ മോജോയിൽ ഇടംപിടിക്കും. ബിഎസ്4 സ്‌പെകിൽ ഈ എൻജിൻ 7,500 അർപിഎമ്മിൽ 26 ബിഎച്പി പവറും 5,500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ആണ് ഉത്പാദിപ്പിച്ചിരുന്നത്. 6-സ്പീഡ് ഗിയർബോക്‌സാണ് നിലവില്‍ ട്രാന്‍സ്‍മിഷന്‍. എന്നാല്‍ പുത്തന്‍ എഞ്ചിന്‍റെ ഔട്ട് പുട്ടിൽ വ്യത്യാസമുണ്ടോ എന്ന് വ്യക്തമല്ല. 

ഈ വാഹനത്തിനുള്ള ബുക്കിംഗ് മഹീന്ദ്ര കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 5000 രൂപയാണ് ബുക്കിംഗ് തുക.