കൊവിഡ്-19 ഭീതിയിലാണ് ലോകം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ പ്ലാന്റുകള്‍ താത്കാലികമായി ഉത്പാദനം നിര്‍ത്തുകയാണ്. പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളാണ് തിങ്കാളാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ആളുകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മുംബൈ, പുനെ നഗരങ്ങള്‍ സര്‍ക്കാര്‍ ഭാഗികമായി അടച്ചിരുന്നു. ഇതേതുടര്‍ന്നാണ് മഹീന്ദ്രയുടെ പ്ലാന്റുകളിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഏത്ര ദിവസത്തേക്കാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് അറിയിച്ചിട്ടില്ല.

കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ പ്ലാന്റുകളിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നത്. രാജ്യത്തുള്ള മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് മഹീന്ദ്ര അറിയിച്ചു. 

മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര പ്ലാന്റുകളിലും മറ്റ് ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പോലുള്ളവ നിര്‍ദേശിച്ചിട്ടുമുണ്ടെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഇറ്റാലിയന്‍-അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ എഫ്‌സിഎ എന്നീ കമ്പനികള്‍ രണ്ട് ആഴ്ചത്തേക്ക് നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടാറ്റയുടെ പൂനെയിലെ പ്ലാന്റും ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.