2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയിലെത്തുന്നത്. ഡാഷ് ബോർഡിനും സീറ്റിനും ബോഡിക്കും ചെറിയ മാറ്റങ്ങളായിരുന്നു അന്ന് മഹീന്ദ്ര നല്‍കിയത്. 

എന്നാല്‍ ഇപ്പോഴിതാ കൂടുതല്‍ സ്റ്റൈലും ആഡംബരവും നല്‍കി ഥാറിനെ ഒരു അഡാറ് ഥാറാക്കി വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.  ഐതിഹാസിക ബ്രാന്‍ഡായ ജീപ്പ് റാങ്ക്ളറിനെ ഓര്‍മ്മപ്പെടുത്തുന്ന വാഹനമാണ് പുതുതായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പഴയ ഥാറില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങളുണ്ട് പുതിയ മോഡലിന്. മുന്‍ഭാഗത്ത് തന്നെ ഥാറിന്റെ കരുത്ത് പ്രകടമാണ്. ഏഴ് സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഫെന്‍ഡര്‍ എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ എന്നിവ ജീപ്പിനെ ഓര്‍മപ്പെടുത്തും. 

മുന്‍ മോഡലില്‍ നിന്ന് മാറി ബ്ലാക്ക് ഫിനീഷിലാണ് ഇന്റീരിയര്‍ ഒരുങ്ങുന്നത്. ടോപ്പ് എന്‍ഡില്‍ വലിയ ടച്ച് സ്‌ക്രീന്‍ സിസ്റ്റവും അടിസ്ഥാന മോഡലില്‍ ടു ഡിന്‍ മ്യൂസിക് സിസ്റ്റവും നല്‍കിയിട്ടുണ്ട്. പുതിയ ബമ്പര്‍ ജീപ്പ് റാങ്ക്ളറുമായി ഥാറിനെ കൂടുതല്‍ സാമ്യപ്പെടുത്തും.

നിലവില്‍ സ്‌കോര്‍പിയോ, TUV300 മോഡലുകളിലുള്ള പുത്തന്‍ Gen3 അടിത്തറ തന്നെയാണ് ഥാറിന് അടിസ്ഥാനം. എന്നാല്‍ ഥാര്‍ ഓഫ് റോഡില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ട് Gen3 അടിത്തറയില്‍ ആവശ്യമായ ഭേദഗതികള്‍ കമ്പനി വരുത്തിയേക്കും. 

ഇന്ത്യയില്‍ ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ലാഡര്‍ ഫ്രെയിം ഷാസിയിലായിരിക്കും പുത്തന്‍ ഥാറിന്‍റെ നിര്‍മാണം. ബോഡിയുടെ ദൃഢത കൂട്ടി ക്രാഷ് ടെസ്റ്റ് കടമ്പ മറികടക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.  

ക്രോമിയം ആവരണം നല്‍കിയിട്ടുള്ള റൗണ്ട് എസി വെന്റുകള്‍, രണ്ട് അനലോഗ് മിറ്ററും ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേയുമുള്ള മീറ്റര്‍ കണ്‍സോള്‍, ടിയുവി 300-ല്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, കൂടുതല്‍ സ്റ്റോറേജ് സ്‌പേസ് എന്നിവയും പുത്തന്‍ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.

വാഹനത്തിന് സുരക്ഷ കൂട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവയും വാഹനത്തിലുണ്ടാകും. 

കമ്പനി പുതുതായി വികസിപ്പിച്ച ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും പുതിയ ഥാറിന്‍റെ ഹൃദയം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എഞ്ചിന്‍ 140 bhp -യോളം കരുത്തുല്‍പ്പാദിപ്പിക്കും. നിലവില്‍ 105 bhp കരുത്തുള്ള 2.5 ലിറ്റര്‍ എഞ്ചിനാണ് ഹൃദയം. ഒപ്പം നാലു വീല്‍ ഡ്രൈവ്, കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസ് തുടങ്ങിയ ഓഫ്‌റോഡ് സംവിധാനങ്ങള്‍ 2020 മഹീന്ദ്ര ഥാറിലുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.