വാഹനങ്ങള്‍ മാത്രമല്ല തങ്ങളുടെ പ്ലാന്‍റില്‍ ജീവന്‍ രക്ഷാ ഉപകരണമായ വെന്‍റിലേറ്ററുകളും നിര്‍മ്മിക്കാനാകുമെന്ന് തെളിയിച്ചാണ് ഈ കൊറോണക്കാലത്ത് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ജനഹൃദയങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ്‍ ഷീല്‍ഡുകളും നിര്‍മ്മിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര എന്നാണ് പുതിയ വാര്‍ത്തകള്‍. 

പുത്തൻ ഫേസ് ഷീൽഡിന്റെ ചിത്രം കമ്പനി മാനേജിങ്  ഡയറക്ടർ പവൻ ഗോയങ്കയാണ് ട്വീറ്റ് ചെയ്‍തത്.  മഹീന്ദ്രയുടെ പാര്‍ട്‍ണര്‍ കൂടിയായ അമേരിക്കന്‍ വാഹന നിർമാതാക്കളായ ഫോര്‍ഡില്‍ നിന്നുമാണ് മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകൽപ്പന സ്വന്തമാക്കിയയത്.  മഹീന്ദ്രയുടെ കാണ്ടിവാലി പ്ലാന്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ്ഷീല്‍ഡുകളുടെയും നിര്‍മാണം ആരംഭിക്കും. 

കൊറോണ വൈറസിനെതിരെ പേരാടാൻ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വെന്റിലേറ്റർ(ശ്വസന സഹായി) വികസിപ്പിക്കാനുള്ള നടപടികളും മഹീന്ദ്ര ഊർജിതമാക്കിയിട്ടുണ്ട്.  നിലവിൽ വെന്റിലേറ്റർ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിക്കൊപ്പം രണ്ടു പൊതു മേഖല സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാവും അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഈ ശ്വസന സഹായി മഹീന്ദ്ര യാഥാർഥ്യമാക്കുക. അത്യാധുനിക സൗകര്യങ്ങളുള്ള വെന്റിലേറ്ററിന് അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണു വിലയെന്നിരിക്കെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ശ്വസന സഹായി 7,500 രൂപയ്ക്കു ലഭ്യമാക്കാനാണു മഹീന്ദ്രയുടെ ശ്രമം.