Asianet News MalayalamAsianet News Malayalam

കുട്ടികളുടെ സുരക്ഷയില്‍ ചരിത്ര നേട്ടം, ഇടിച്ചിട്ടും തകരാതെ മഹീന്ദ്ര, കയ്യടിച്ച് രാജ്യം!

കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ എക്കാലത്തെയും ഉയർന്ന പോയിന്റുകളും ഈ കാറിന് ലഭിച്ചു. ഈ വിഭാഗത്തില്‍ പരമാവധി 49-ൽ 41.66 സ്കോർ വാഹനത്തിന് ലഭിച്ചു. ഇത് ഇതുവരെ ഇന്ത്യയിൽ നിർമ്മിച്ച ഏതൊരു കാറിനെ സംബന്ധിച്ചും ഏറ്റവും ഉയർന്ന സ്കോർ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍

Mahindra XUV700 scores 5 Stars in the Global NCAP crash test
Author
Mumbai, First Published Nov 10, 2021, 11:26 PM IST

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മിന്നും പ്രകടനവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (Mahindra And Mahindra) ഫ്ലാഗ്ഷിപ്പ് എസ്‍യുവി (Flagship SUV) ആയ   XUV700. അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച വാഹനം ഇടി പരീക്ഷണത്തില്‍ (Crash Test) അഞ്ച് സ്റ്റാറുകളും നേടി യാത്രികരുടെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. XUV300-ന് ശേഷം ക്രാഷ് ടെസ്റ്റില്‍ പഞ്ചനക്ഷത്ര റേറ്റിംഗ് നേടുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ കാറാണിത്. 

Mahindra XUV700 scores 5 Stars in the Global NCAP crash test

മൊത്തം 17 പോയിന്റിൽ 16.03 പോയിന്റ് നേടിയാണ് മഹീന്ദ്ര XUV700 ഗ്ലോബൽ NCAPയുടെ പഞ്ചനക്ഷത്ര റേറ്റിംഗ് സ്വന്തമാക്കിയത്. വാഹനത്തിന്‍റെ ഘടനയും സ്ഥിരതയുള്ളതായി വിലയിരുത്തപ്പെടുന്നു. അപകടം ഉണ്ടായാല്‍ മുൻവശത്തുള്ള യാത്രക്കാർക്കും ഉണ്ടാകാൻ സാധ്യതയുള്ള പരിക്കുകൾ വളരെ കുറവാണെന്നാണ് ക്രാഷ് ടെസ്റ്റിലെ കണ്ടെത്തല്‍. കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ എക്കാലത്തെയും ഉയർന്ന പോയിന്റുകളും ഈ കാറിന് ലഭിച്ചു. ഈ വിഭാഗത്തില്‍ പരമാവധി 49-ൽ 41.66 സ്കോർ വാഹനത്തിന് ലഭിച്ചു. ഇത് ഇതുവരെ ഇന്ത്യയിൽ നിർമ്മിച്ച ഏതൊരു കാറിനെ സംബന്ധിച്ചും ഏറ്റവും ഉയർന്ന സ്കോർ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹീന്ദ്ര XUV700 ന്റെ അടിസ്ഥാന വേരിയന്‍റാണ് ഗ്ലോബൽ NCAP പരീക്ഷിച്ചത്. രണ്ട് എയർബാഗുകൾ മാത്രമുള്ള വാഹനത്തിന് ABS, ISOFIX എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു. വാഹനത്തിന്റെ ടോപ്-എൻഡ് വേരിയന്റിനൊപ്പം മഹീന്ദ്ര ഏഴ് എയർബാഗുകൾ വാഗ്‍ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഉയർന്ന നിലവാരമുള്ള വേരിയന്റുകളിൽ ESC, ADAS തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്.

യാത്രക്കാരുടെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി താഴ്ന്ന വേരിയന്റുകളിൽ ഓപ്ഷണൽ ഉപകരണങ്ങളായി സൈഡ്, കർട്ടൻ എയർബാഗുകൾ നൽകാൻ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഏജൻസി മഹീന്ദ്രയോട് ശുപാർശ ചെയ്‍തിട്ടുണ്ട്. ഒരു കാറിന് സൈഡ്-ഇംപാക്ട് ടെസ്റ്റും വിജയിക്കേണ്ടതിനാൽ രണ്ട് XUV700കൾ ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്നു. ഈ വിഭാഗത്തിലും XUV700 മികവ് പുലർത്തി. ADAS ലഭിക്കുന്ന കാറിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് അല്ലെങ്കിൽ AEB ഫീച്ചറും ഗ്ലോബൽ NCAP പരീക്ഷിച്ചിരുന്നു. ഈ പരീക്ഷണം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ വിജയമായി.

Mahindra XUV700 scores 5 Stars in the Global NCAP crash test

മുതിർന്നവരുടെ സംരക്ഷണത്തിനായുള്ള ഈ ടോപ്പ് സ്‌കോറിലൂടെ മഹീന്ദ്ര ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചതായി ഗ്ലോബൽ എൻസിഎപിയുടെ സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു. കൂടാതെ സുരക്ഷാ ഓപ്ഷനായി ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (എഇബി) വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ബ്രാൻഡായി മഹീന്ദ്ര മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ജീവൻ രക്ഷാ സാങ്കേതികവിദ്യ ലഭ്യമാക്കുന്നത് കൂട്ടിയിടി ഒഴിവാക്കൽ സാങ്കേതികവിദ്യകളുടെ വ്യാപകമായ ഫിറ്റ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണെന്നും വാഹന സുരക്ഷയെ ജനാധിപത്യവൽക്കരിക്കാനുള്ള ഗ്ലോബൽ എൻസിഎപിയുടെ ആഹ്വാനത്തിന് മറുപടിയായി തങ്ങളുടെ വാഹനങ്ങൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് മഹീന്ദ്രയെന്നും അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു.  

പഞ്ചനക്ഷത്ര പ്രകടനം നടത്തുന്ന XUV700-നൊപ്പം വാഹന സുരക്ഷയിൽ മഹീന്ദ്ര നിരന്തരമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നത് കാണുന്നതിൽ വളരെ സംതൃപ്‍തിയുണ്ടെന്ന് ടുവേഡ്‌സ് സീറോ ഫൗണ്ടേഷൻ പ്രസിഡന്റ് ഡേവിഡ് വാർഡ് പറഞ്ഞു. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഉയർന്ന തലത്തിലുള്ള സംരക്ഷണത്തിലൂടെ സുരക്ഷാ ആവശ്യകതയെക്കുറിച്ചുള്ള  ഉപഭോക്തൃ അവബോധത്തിന്‍റെ ഉയർന്ന തലത്തിലേക്ക്  ഇന്ത്യൻ വാഹന വിപണി നീങ്ങുന്നതിന്റെ പ്രധാന സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Mahindra XUV700 scores 5 Stars in the Global NCAP crash test

അതേസമയം നിലവില്‍ മികച്ച ബുക്കിംഗുമായി കുതിക്കുകയാണ് വാഹനം. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇതിനോടകം 70,000 ബുക്കിങ്ങുകള്‍ ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ബുക്കിങ്ങ് തുറന്ന് ആദ്യ രണ്ട് ദിനങ്ങളിലെ മൂന്ന് മണിക്കൂറിനുള്ളില്‍ 50,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നത്. ഒരു മാസത്തോട് അടുക്കുമ്പോഴും വാഹനത്തിന് മികച്ച എന്‍ക്വയറിയും ബുക്കിങ്ങ് വരുന്നുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. വാഹനം കിട്ടാനുള്ള കാത്തിരിപ്പ് കാലയളവ് ഇപ്പോൾ ഒരു വർഷത്തിനടുത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 ഒരുങ്ങിയിരിക്കുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്‍മിഷനുകളില്‍ ഒമ്പത് മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. മുന്‍ഗാമിയെക്കാള്‍ വലിപ്പക്കാരനാണ് ഈ വാഹനം. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്സ്‍യുവി 700-ന്റെ അളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിനെ സമ്പന്നമാക്കുന്നു.

Mahindra XUV700 scores 5 Stars in the Global NCAP crash test

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി കരുത്തും 380 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതിലുണ്ട്. കര്‍ട്ടണ്‍ എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ, ഐസോഫിക്‌സ് സീറ്റ് മൗണ്ട്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷാസംവിധാനങ്ങള്‍.

അഡ്രേനോക്‌സ് കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, സോണിയുടെ ത്രീഡി സൗണ്ട്, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡില്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ്ങ്, ഇലക്ട്രോണിക് പാര്‍ക്ക് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ ഓപ്ഷണലായി നല്‍കുന്ന ലക്ഷ്വറി പാക്കിലാണ് ഒരുക്കിയിട്ടുള്ളത്. മെമ്മറി ഫംഗ്ഷനുള്ള ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ട്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയവയാണ് ഫീച്ചറുകളാണ്.

ഒക്ടോബര്‍ ഏഴാം തിയതിയാണ് XUV700-ന്റെ ബുക്കിംഗ് മഹീന്ദ്ര ആരംഭിക്കുന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 വാഹനങ്ങള്‍ക്ക് പ്രത്യേകം വില ആയിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. വില കുറവ് ഉറപ്പുനല്‍കിയിരുന്ന 25,000 വാഹനങ്ങളുടെയും ബുക്കിംഗ് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ് പൂര്‍ത്തിയാകുകയായിരുന്നു. പിന്നീട് പ്രാരംഭമായി നല്‍കിയിരുന്ന ഓഫര്‍ വില അവസാനിച്ചതായി അറിയിക്കുകയും 50,000 രൂപ വരെ ഉയര്‍ത്തി പുതിയ വില പ്രഖ്യാപിക്കുകയുമായിരുന്നു.

Mahindra XUV700 scores 5 Stars in the Global NCAP crash test

അടുത്തിടെ 24 മണിക്കൂർകൊണ്ട് 4000 കിലോമീറ്റർ സഞ്ചരിച്ച് മഹീന്ദ്ര എക്സ് യു വി 700 റെക്കോർഡ് ഇട്ടിരുന്നു. ഇവോ ഇന്ത്യ സംഘടിപ്പിച്ച സ്പീഡ് എൻഡുറൻസ് ചാലഞ്ചിലാണ് ദേശീയ റെക്കോർഡ് മഹീന്ദ്ര തകർത്തത്. 2016 ൽ സ്ഥാപിതമായ 3,161 കിലോമീറ്ററിന്‍റെ റെക്കോർഡാണ് പഴങ്കഥയായത്. മഹീന്ദ്രയുടെ തന്നെ സ്‍പീഡ് ട്രാക്കിലായിരുന്നു പരീക്ഷണം. 

ഒക്ടോബര്‍ 30-ാണ് ഈ വാഹനത്തിന്റെ വിതരണം കമ്പനി ആരംഭിച്ചത്. ദീപാവലിയോടനുബന്ധിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 700 വാഹനങ്ങളുടെ വിതരണം കമ്പനി നടത്തിയിരുന്നു. ചിപ്പുകളുടെ ക്ഷാമം ആഗോള തലത്തില്‍ തന്നെ വാഹന നിര്‍മാണത്തെ ബാധിച്ചിരിക്കെയാണ് മഹീന്ദ്രയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. എക്‌സ്.യു.വി.700 പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ വിതരണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഡീസല്‍ മോഡലുകളുടെ വിതരണം ഈ മാസം ഒടുവിലോടെ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് വിവരം. ജനുവരി 14-ന് മുമ്പായി 14,000 വാഹനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. XUV700 പെട്രോള്‍ മോഡലിന് 12.49 ലക്ഷം മുതല്‍21.29 ലക്ഷം രൂപ വരെയും ഡീസലിന് 12.99 ലക്ഷം മുതല്‍ 22.89 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 

Mahindra XUV700 scores 5 Stars in the Global NCAP crash test
 

Follow Us:
Download App:
  • android
  • ios