സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ ക്രമം അടിമുടി മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നമ്പര്‍ പ്ലേറ്റില്‍ ഇനി ആര്‍ടിഒ കോഡിന് പകരം വര്‍ഷം കൊണ്ടുവരാനാണ് മോട്ടോര്‍വാഹനവകുപ്പിന്‍റെ പുതിയ നീക്കം. 

അതായത് ആർടി ഓഫിസുകളുടെ നമ്പർ അടിസ്ഥാനപ്പെടുത്തിയുള്ള രീതി മാറ്റി പകരം ഏതു വർഷം രജിസ്റ്റർ ചെയ്യുന്നുവോ അതിന്റെ അടിസ്ഥാനത്തിലാകും ഇനി വാഹനങ്ങളുടെ നമ്പർ. ഇതുസംബന്ധിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാർശ മന്ത്രിസഭയുടെ പരിഗണനയിലാണെന്നും സോഫ്റ്റ്‌വെയറിലും മാറ്റത്തിനു തയാറെടുക്കാൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് (എൻഐസി) മോട്ടർ വാഹനവകുപ്പ് നിർദേശിച്ചെന്നുമാണ് വിവരം. 

നിലവില്‍ സംസ്ഥാനത്തെ വിവിധ ആര്‍ടിഓഫീസുകളില്‍ സീരിസായി ഒരേ നമ്പര്‍ അനുവദിക്കുകയാണ് പതിവ്. അതായത് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് കെഎൽ–01 എന്നാണ് നമ്പര്‍ തുടങ്ങുന്നത്. ഇതുപോലെ ഓരോ ആർടി ഓഫിസ് അടിസ്ഥാനത്തിലും നമ്പർ എന്നതാണു നിലവിലുള്ള സ്ഥിതി. അങ്ങനെ കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ KL-86 എന്ന ആർടിഒ കോഡിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. 

1989 മുതൽ ആണ് ഈ രീതി നടപ്പിലാക്കിത്തുടങ്ങിയത്. 1989 മുതല്‍ 2002 വരെ KL-1 മുതൽ KL-15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ തുടങ്ങിയിരുന്നത്. വാഹനം ഏത് ജില്ലയിലാണ് രജിസ്റ്റർ ചെയ്തതെന്ന് ഈ സംവിധാനത്തിലൂടെ എളുപ്പത്തിൽ മനസിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോഴിത് KL-86 വരെയെത്തി. ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് എളുപ്പം തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പിന് പോലും കഴിയാത്ത സ്ഥിതിയുമായി. അതുകൊണ്ടു തന്നെ എത്രയും വേഗം ഈ രീതി ഒഴിവാക്കാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹനവകുപ്പ്. അതിന്‍റെ ഭാഗമായിട്ടാണ് പുത്തന്‍ ആശയം മുന്നോട്ടുവയ്ക്കുന്നത്.

രാജ്യത്ത് ആദ്യമായിട്ടാണ് ഇങ്ങനെ നമ്പർ നൽകുന്ന രീതി നിർദേശിക്കപ്പെടുന്നത്. ഇതു നടപ്പായാൽ സംസ്ഥാനത്ത് ഒരേ നമ്പറിൽ ഒറ്റ വാഹനമേ ഉണ്ടാകൂ. വിവിധ ആർടി ഓഫിസ് സീരീസുകളിലായി ഒരേ നമ്പർ അനുവദിക്കുന്ന രീതി ഇതോടെ അവസാനിക്കും. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ 2020ൽ രജിസ്റ്റർ ചെയ്യുന്ന വാഹനത്തിന്റെ നമ്പർ തുടങ്ങുക കെഎൽ–20 എന്നായിരിക്കും. 2021ൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് കെഎൽ 21 എന്നായിരിക്കും നമ്പർ തുടങ്ങുക.  

ഈ സംവിധാനം നടപ്പായാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ വർഷം ഉൾപ്പെടെയുള്ള വിവരങ്ങൾ അനായാസം തിരിച്ചറിയാൻ സാധിക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ കണക്കുകൂട്ടല്‍. മാത്രമല്ല ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു. നിലവിൽ ആഴ്ചയിൽ ഒരു ദിവസമാണ് ഫാൻസി നമ്പറുകൾക്കുള്ള ലേലം നടക്കുന്നത്. പുതിയ സമ്പ്രദായം വരുന്നതോടെ എന്നും വൈകുന്നേരം അഞ്ചുമണി മുതൽ രാവിലെ വരെ ഇഷ്ടനമ്പറുകൾ ഓൺലൈനായി തിരഞ്ഞെടുക്കാം. നിലവിൽ ഇഷ്ട നമ്പർ കിട്ടാതെ പോയാൽ അടുത്ത സീരീസിൽ അതേ നമ്പർ ലഭിക്കാൻ മാസങ്ങളെടുക്കും. പുതിയ സംവിധാനത്തിൽ മൂന്നര ദിവസം കഴിയുമ്പോൾ അടുത്ത സീരീസിൽ ഇഷ്ട നമ്പർ ലഭിക്കുമെന്നും നിലവിൽ ജില്ലാതലത്തിൽ ആണു ലേലം വിളിയിൽ പങ്കെടുക്കാവുന്നതെങ്കിൽ പുതിയ സംവിധാനത്തിൽ കേരളത്തിൽ എവിടെ നിന്നും പങ്കെടുക്കാമെന്നും വകുപ്പ് അധികൃതര്‍ പറയുന്നു.

മാത്രമല്ല കേന്ദ്രത്തിന്റെ പുതിയ മോട്ടോർ വാഹനവകുപ്പ് ഭേദഗതി അനുസരിച്ച് സംസ്ഥാനത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം. അതുകൊണ്ടുതന്നെ പുതുതായി വന്ന രജിസ്ട്രേഷൻ സീരീസുകളെ വിട്ട് ആളുകൾ കൂടുതൽ തിരിച്ചറിയുന്ന രജിസ്ട്രേഷനിലേക്ക് പോകാനിടയുണ്ട്. ഉദാഹരണത്തിന് കാസര്‍കോട് ജില്ലയിലുള്ള ഒരാള്‍ക്ക് വേണമെങ്കില്‍ തിരുവനന്തപുരം രജിസ്ട്രേഷനായ KL-01 തിരഞ്ഞെടുക്കാം. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഈ ആശങ്കയും ഒഴിവാകും.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഈ വർഷം തന്നെ പുതിയ രീതി നിലവില്‍ വന്നേക്കും എന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ അടുത്ത വാഹന രജിസ്ട്രേഷൻ കേരളത്തിൽ എവിടെ ആണെങ്കിലും KL-20-AA-1 നമ്പറിലായിരിക്കും ആരംഭിക്കുക. ഇതുപോലെ 9999 കഴിഞ്ഞാൽ KL-20-AB സീരീസിലേക്ക് മാറും. നിലവിൽ നെയ്യാറ്റിൻകര ആർടി ഓഫിസാണ് കെഎൽ 20 സീരീസിലുള്ളത്. പുതിയ സംവിധാനം വരുമ്പോൾ അവിടെ കെഎൽ 20 എഎ എന്ന സീരീസ് തുടങ്ങും. അടുത്ത വർഷം കെഎൽ 21 എന്ന നമ്പറെത്തുമ്പോൾ നിലവിൽ കെഎൽ 21 ആർടി ഓഫിസ് പരിധിയിൽ വരുന്ന വാഹനങ്ങൾക്ക് ഇതുപോലെ തന്നെ എഎ എന്ന സീരീസിലാകും നമ്പർ എന്നാണ് റിപ്പോര്‍ട്ടുകള്‍.