ഭോപ്പാൽ: ഉത്തരേന്ത്യയിലടക്കം എല്ലാവരും ദീപാവലി ആഘോഷിക്കുന്ന തിരക്കിലാണ്. പുതിയ വസ്ത്രങ്ങളും വീട്ടുസാധനങ്ങളൊക്കെ വാങ്ങുന്നതുപോലെ ആളുകൾ ദീപാവലി നാളിൽ പുതിയ വാഹനങ്ങളും വാങ്ങിക്കാറുണ്ട്. മധ്യപ്രദേശ് സ്വദേശി രാകേഷ് കുമാര്‍ ഗുപ്തയും ദീപാവലിയോട് അനുബന്ധിച്ച് ഒരു വാഹനം വാങ്ങിക്കാനാണ് കടയിലെത്തിയത്. എന്നാൽ, ഈ-ബാങ്കിങ്ങിന്റെ ഈക്കാലത്ത് 83,000 രൂപ നാണയതുട്ടുകൾ നൽകിയാണ് രാകേഷ് തന്റെ സ്കൂട്ടർ സ്വന്തമാക്കിയിരിക്കുന്നത്.

ഹോണ്ട അടുത്തിടെ പുറത്തിറക്കിയ ആക്ടീവ 125 വാങ്ങിക്കണമെന്നായിരുന്നു രാകേശിന്റെ ആ​ഗ്രഹം. എന്നാൽ, തികച്ചും വ്യത്യസ്തമായ രീതിയിൽ വേണം തന്റെ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കാൻ എന്ന് രാകേഷ് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം വാഹനത്തിന്റെ വിലയായി ഡീലര്‍ഷിപ്പില്‍ നാണയ തുട്ടുകൾ നല്‍കിയത്.

83,000 രൂപയിലധികവും അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും നാണയങ്ങളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ എടുത്താണ് ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ ഈ തുക എണ്ണി തിട്ടപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 74,490 രൂപ എക്‌സ്‌ഷോറും വിലയുള്ള ടോപ്പ് എന്‍ഡ് ഡിസ്‌ക് ബ്രേക്ക് പതിപ്പാണ് അദ്ദേഹം തെരഞ്ഞെടുത്തത്. റോഡ് നികുതി, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ 83,000 രൂപയാണ് ഈ വാഹനത്തിന്റെ വില.