ബെംഗളൂരു: ടെസ്റ്റ് ഡ്രൈവിന് നൽകിയ 2.3 ലക്ഷം രൂപ വില വരുന്ന സ്പോർട്സ് ബൈക്കുമായി യുവാവ് മുങ്ങിയതായി പരാതി. ബെംഗളൂരു ജയനഗറിൽ താമസിക്കുന്ന ഇരുപത്തിയൊന്നുകാരനാണ് തന്റെ വാഹ​നവുമായി യുവാവ് മുങ്ങിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ബൈക്ക് വാങ്ങാൻ താത്പര്യമുണ്ടെന്നറിയിച്ചാണ് സാഗർ എന്നു പേരുള്ള വ്യക്തി തന്നെ സമീപിച്ചത്. നേരിട്ട്  കാണണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് ജെപി നഗറിലുള്ള ഹോട്ടലിൽ വച്ച് കണ്ടുമുട്ടുകയും ചെയ്തു. ജനുവരി 31ന് ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കണമെന്ന് പറഞ്ഞ സാഗർ ബൈക്കിന്റെ താക്കോൽ ലഭിച്ച ഉടനെ സ്റ്റാർട്ട് ചെയ്ത് കടന്നുകളയുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറഞ്ഞു.

സംഭവത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ജെപി നഗർ പോലീസ് പറഞ്ഞു.