Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിലും ലോക്കായില്ല, സിയാസ് തന്നെ ഒന്നാമന്‍!

സെഡാൻ സെഗ്മെന്റ് കാറുകളുടെ മാർച്ച്‌ മാസത്തെ വിൽപനയിൽ മാരുതി സിയാസ് ഒന്നാമത്. 

Maruti Ciaz Sales Report In March 2020
Author
Mumbai, First Published Apr 8, 2020, 11:52 AM IST

മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസിന് സെഡാൻ സെഗ്മെന്റ് കാറുകളുടെ മാർച്ച്‌ മാസത്തെ വിൽപനയിൽ ഒന്നാം സ്ഥാനം. 1863 യൂണിറ്റുകൾ നിരത്തിൽ എത്തിച്ചു കൊണ്ടാണ് മാരുതി സിയാസ് ഒന്നാമതെത്തിയത്. എതിരാളികളായ ഹ്യുണ്ടായ് വെർണയ്ക്ക് 893 യൂണിറ്റുകളും ഹോണ്ടാ സിറ്റിയ്ക്ക് 786 യൂണിറ്റുകളുമാണ് മാർച്ച് മാസത്തിൽ വിറ്റഴിക്കാൻ സാധിച്ചത്. 

കഴിഞ്ഞവർഷത്തെ സെഡാൻ വാഹന വിൽപ്പനയുടെ കണക്കനുസരിച്ച് ഈ വർഷം വിപണിയിൽ 64 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഈ മാസത്തെ മൊത്തം വാഹനവിൽപ്പനയുടെ കണക്കെടുത്താൽ 52 ശതമാനം വിൽപ്പനയ്ക്ക് ഇടിവും സംഭവിച്ചു. രാജ്യം മുഴുവൻ കോവിഡ് 19 മൂലം ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാലാണ് ഇത്രയും മാന്ദ്യം വാഹനവിപണി നേരിട്ടത്. ഒട്ടുമിക്ക വാഹന നിർമാതാക്കളും തങ്ങളുടെ ഉൽപ്പാദനം ഇക്കാരണത്താൽ നിർത്തിവെച്ചിരിക്കുകയാണ്. ഹ്യുണ്ടായി വെർണയുടെ പരിഷ്കരിച്ച പതിപ്പ് ഈയിടെ നിരത്തിൽ എത്തിച്ചിരുന്നു. എന്നാൽ പുതിയ ഹോണ്ട സിറ്റിയുടെ വിപണി അവതരണം കോവിഡ് 19 മൂലം മാറ്റിവച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ ഏറ്റവും ജനപ്രീതി നേടിയ മിഡ്‌സൈസ് സെഡാനാണ് മാരുതി സുസുകി സിയാസ് പുറത്തിറങ്ങിയിട്ട് 2019 ഒക്ടോബറില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 2014 ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സിയാസ് ആദ്യമായി അവതരിപ്പിച്ചത്. ഈ കാലയളവില്‍ 2.7 ലക്ഷത്തിലധികം യൂണിറ്റ് സിയാസ് ഇന്ത്യയില്‍ വിറ്റത്. 

2020 ജനുവരിയിലാണ് ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വിപണിയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചത്. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ബിഎസ് 6 സിയാസ് ലഭിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 105 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. സുസുകിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി. 

 8.31 ലക്ഷം മുതല്‍ 11.09 ലക്ഷം രൂപ വരെയാണ് വഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ വേരിയന്റുകളുടെ വില 11,000 മുതല്‍ 22,000 രൂപ വരെ വര്‍ധിച്ചു. 10.08 ലക്ഷം രൂപയാണ് സിയാസ് എസ് വേരിയന്റിന് വില.

Follow Us:
Download App:
  • android
  • ios