വാഹനം ബുക്ക് ചെയ്‍ത ശേഷം അത് പിന്‍വലിക്കുന്നവരില്‍ നിന്നും പണം ഈടാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബുക്കിംഗ് പിൻവലിക്കുന്നവരില്‍ നിന്നും പരമാവധി 500 രൂപ വരെ പ്രൊസസിംഗ് ഫീസായി ഈടാക്കാൻ മാരുതി സുസുക്കി തങ്ങളുടെ ഡീലർമാര്‍ക്ക് നിർദ്ദേശം നൽകിയെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെക്സ, അരീന, വാണിജ്യ വാഹന, ട്രൂ വാല്യു ഡീലര്‍ഷിപ്പുകളില്‍ എല്ലാം ഈ നിര്‍ദ്ദേശം എത്തിയിട്ടുണ്ടെന്നാണ് സൂചന. 

അടുത്തിടെയായി മാരുതിയുടെ വാഹനങ്ങള്‍ ബുക്ക് ചെയ്‍ത ശേഷം റദ്ദാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ സിസ്റ്റത്തിൽ എന്റർ ചെയ്യുന്ന ഓരോ മൂന്ന് ബുക്കിംഗുകളിൽ ഒരെണ്ണം വിവിധ കാരണങ്ങളാൽ റദ്ദാക്കപ്പെടുന്നുവെന്നാണ് കമ്പനി പറയുന്നത്. ഈ ഉയര്‍ന്ന ബുക്കിംഗ് റദ്ദാക്കലുകളെ തുടര്‍ന്നാണ് ഇങ്ങനൊരു നടപടിയെന്നാണ് വിവരം. ഇത്തരം ഉയർന്ന റദ്ദാക്കലുകൾ ഉൽ‌പാദന ആസൂത്രണത്തിലും യഥാർത്ഥ ഉപഭോക്തൃ ആവശ്യത്തിലും പൊരുത്തക്കേട് സൃഷ്‍ടിക്കുന്നതായും കമ്പനി വ്യക്തമാക്കുന്നു. 

മാത്രമല്ല വണ്ടിക്കമ്പനികളുടെ ഉൽ‌പാദനം, ഡീലർ‌ഷിപ്പുകൾ‌ക്ക് വാഹനം അനുവദിക്കൽ, സ്റ്റോക്ക് റൊട്ടേഷൻ മുതലായവ ആസൂത്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ബുക്കിംഗ് ഡാറ്റ. ഈ ബുക്കിംഗ് ഡാറ്റ ഉണ്ടാക്കിയെടുക്കുന്നതിന് ഗണ്യമായ സമയവും പരിശ്രമവും പണവും കമ്പനികള്‍ ചെലവഴിക്കുന്നുണ്ട്. പക്ഷേ സമീപകാല റദ്ദാക്കലുകൾ‌ ഈ പ്രക്രിയയെ സാരമായി ബാധിച്ചെന്നും മാരുതി വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ 2020 ഓഗസ്റ്റ് 7-നോ അതിനു ശേഷമോ നടത്തിയ എല്ലാ ബുക്കിംഗുകൾക്കും സേവന നിരക്ക് ബാധകമാക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനത്തിനുള്ള ബുക്കിംഗ് റദ്ദാക്കപ്പെട്ടാൽ ബുക്കിംഗ് തുകയുടെ മുഴുവൻ തിരികെ നല്‍കുകയാണ് നിലവില്‍ രാജ്യത്തെ ഭൂരഭാഗം വാഹന കമ്പനികളും ഡീലര്‍മാരും ചെയ്യുന്നത്. പണം നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ ഉപഭോക്താക്കളിൽ ഉൽ‌പ്പന്നത്തിൽ ശക്തമായ താൽ‌പ്പര്യം രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മുഴുവന്‍ റീഫണ്ടിംഗിനു പിന്നില്‍.

എന്നാല്‍ കൊവിഡ് 19 വൈറസ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൌണുകളും ദുർബലമാക്കിയ രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയാണ് ഈ വര്‍ദ്ധിച്ചു വരുന്ന റദ്ദാക്കലുകള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ വാങ്ങല്‍ പദ്ധതികൾ പുന:പരിശോധിക്കാനും വാഹനങ്ങൾ പോലുള്ളയുടെ കാര്യത്തിൽ  ചെലവുകൾ പുനർവിചിന്തനം ചെയ്യാനും ജനങ്ങളെ നിർബന്ധിതരാക്കുന്നത് ഈ സാഹചര്യമാണ്. അതുകൊണ്ട് തന്നെ മുമ്പേയുള്ള തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന മാരുതിക്ക് തിരിച്ചടിയാകുമോ ഈ പുതിയ നീക്കമെന്ന് കണ്ടറിയണം.