Asianet News MalayalamAsianet News Malayalam

തിടമ്പേറ്റേണ്ട ആനക്ക് 'പിണക്കം'; ഒടുവില്‍ നെറ്റിപ്പട്ടംകെട്ടി തിടമ്പേറ്റിയത് മാരുതി ഓംനി!

തൃശ്ശൂര്‍ പീച്ചി തുണ്ടത്ത് ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് കൗതുകകരമായ സംഭവം 

Maruti Omni Van Acted As Elephant In Festival At Temple
Author
Peechi, First Published Mar 10, 2020, 12:06 PM IST

ക്ഷേത്രത്തില്‍ ഉത്സവത്തിന് എഴുന്നെള്ളിപ്പിന് എത്തിച്ച ആന 'മൊട' കാണിച്ചതിനെ തുടര്‍ന്ന് നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയത് മാരുതി ഓംനി വാന്‍. തൃശ്ശൂര്‍ ജില്ലയിലെ പീച്ചി തുണ്ടത്ത് ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്. 

ഉത്സവത്തിന് എഴുന്നള്ളിക്കാനാണ് ചോപ്പീസ് കുട്ടിശങ്കരന്‍ എന്ന ആനയെ എത്തിച്ചത്. എഴുന്നെള്ളിപ്പിന് മുമ്പ് രാവിലെ ഒമ്പത് മണിയോടെ ആനയെ കുളിപ്പിക്കാന്‍ തൊട്ടടുത്ത കനാലില്‍ ഇറക്കിയതാണ് ആഘോഷക്കമ്മിറ്റിക്ക് വിനയായത്.  കൊടും ചൂടില്‍ ചെറിയ ഒഴുക്കുള്ള വെള്ളത്തിലിറങ്ങിയ കുട്ടിശങ്കരന്‍ തിരിച്ച് കയറാന്‍ മടിച്ചു.  പപ്പാന്മാര്‍ പരമാവധി ശ്രമിച്ചിട്ടും കൂട്ടാക്കാതിരുന്ന ആന കുളി തുടര്‍ന്നു. 

മൂന്ന് മണിക്കൂറില്‍ അധികം വിസ്‍തരിച്ചുള്ള ആനക്കുളി തുടര്‍ന്നു. ഇതിനിടെ കയര്‍കെട്ടി ആനയെ കരയ്ക്ക് കയറ്റാനും പാപ്പാനും നാട്ടുകാരും ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. 

ഇതോടെയാണ് ഓംനി വാനിനെ ആനക്ക് പകരക്കാരനാക്കാന്‍ തീരുമാനിച്ചത്. ആനയ്ക്കായി കരുതിയിരുന്ന നെറ്റിപ്പട്ടം ഓംനിക്ക് ചാര്‍ത്തിക്കൊടുത്ത് തിടമ്പുമ്പേറ്റി. രണ്ട് ആനകള്‍ക്കൊപ്പം ഓംനി വാനും അണിയിച്ചൊരിക്കിയായിരുന്നു ഘോഷയാത്ര.  ഈ വേറിട്ട എഴുന്നെള്ളിപ്പിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. 

1984 ല്‍ ആണ് ഓംനി വാനിനെ മാരുതി സുസുക്കി രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്നത്. മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 അവതരിപ്പിച്ച് തൊട്ടടുത്ത വര്‍ഷമാണ് ഓംനി എത്തുന്നത്. പിന്നീട് ഇതിന്‍റെ പല മോഡലുകള്‍ എത്തി. രാജ്യത്ത് ആംബുലന്‍സായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്ന് മാരുതി ഓംനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ കാരണങ്ങളാല്‍ വാഹനത്തിന്‍റെ നിര്‍മ്മാണം കമ്പനി അടുത്തിടെ അവസാനിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios