പുതുതലമുറയെ ലക്ഷ്യമാക്കി, രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയോടെ ചെറു എസ്‌യുവി സെഗ്‌മെന്റിലേക്ക് മാരുതി സുസുക്കി അവതരിപ്പിക്കുന്ന വാഹനമാണ് എസ്-പ്രെസോ. ഈ സെപ്‍തംബറിലോ, ഓക്ടോബറിലോ വാഹനം വിപണിയിലെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമായിരിക്കും. 

ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന്‍റെ ഹൃദയം. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനിലും വാഹനം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന ബോക്‌സ് കണ്‍സെപ്റ്റിലുള്ള ഡിസൈന്‍, മസ്‌കുലറായ ബോഡി, മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ തുടങ്ങിയവ വാഹനത്തിന്റെ പ്രത്യേകതകളായിരിക്കും.  ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും.

വാഹനത്തില്‍ ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. സ്‍മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിന് ആഡംബര ഭാവമൊരുക്കും.

റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്സ് തുടങ്ങിയവരായിരിക്കും മുഖ്യ എതിരാളികള്‍. അള്‍ട്ടോയുടെ ഉള്‍പ്പെടെയുള്ള വില്‍പ്പന കുറയുന്നത് എസ്-പ്രെസോയിലൂടെ നികത്താമെന്നാണ് മാരുതിയുടെ പ്രതീക്ഷ. 

കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.