Asianet News MalayalamAsianet News Malayalam

സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കാന്‍ മാരുതി

രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സ്റ്റാര്‍ട്ടപ്പുകളുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു.

Maruti Suzuki And IIMB shortlist 26 mobility start-ups
Author
Mumbai, First Published Mar 1, 2021, 10:19 AM IST

രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സ്റ്റാര്‍ട്ടപ്പുകളുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരുവുമായി (ഐഐഎംബി) ചേര്‍ന്ന് മൊബിലിറ്റി രംഗത്തെ 26 സ്റ്റാര്‍ട്ടപ്പുകളെ മാരുതി പരിപോഷിപ്പിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും എന്ന് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു. 

ഒന്‍പത് മാസം വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും ഇന്‍കുബേഷന്‍ പ്രോഗ്രാം. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ മൂന്ന് മാസത്തെ പ്രീ-ഇന്‍കുബേഷന് വിധേയമാകേണ്ടിവരും. ഈ കാലയളവില്‍ വിവിധ സമശീര്‍ഷരുമായി പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. മാത്രമല്ല, പതിവായി പരസ്പരം മെന്ററിംഗ്, അഡൈ്വസറി സെഷനുകള്‍ നടത്തുമെന്നും ഇരു സംഘടനകളും അറിയിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഇന്‍കുബേഷനും ഫണ്ടിംഗിനും അനുവദിക്കും. വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറുമാസത്തെ അധിക ഇന്‍കുബേഷന്‍ ഉണ്ടായിരിക്കും.

ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്തെ നൂതന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിലും വളര്‍ത്തിക്കൊണ്ടുവരുന്നതിലും വളരെയധികം സന്തോഷമുണ്ടെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിച്ചി അയുകാവ പറഞ്ഞു. വലിയ ബിസിനസ് സംരംഭങ്ങളായി മാറാന്‍ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേഷന്‍ പ്രോഗ്രാം സഹായിക്കുമെന്നും പ്രായോഗികവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ പരിഹാരങ്ങളുമായി വാഹന വ്യവസായത്തെ സഹായിക്കുമെന്നും അയുകാവ കൂട്ടിച്ചേര്‍ത്തു. ഇതുവഴി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമതയും മൂല്യവും വര്‍ധിക്കും.

ഇന്ത്യയില്‍ മൊബിലിറ്റി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും 2030 ഓടെ 90 ബില്യണില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഐഎം ബെംഗളൂരുവിലെ എന്‍എസ് രാഘവന്‍ സെന്റര്‍ ഫോര്‍ എന്‍ട്രപ്രനേറിയല്‍ ലേണിംഗ് ചെയര്‍പേഴ്‌സണ്‍ വെങ്കടേഷ് പഞ്ചപഗേശന്‍ പറഞ്ഞു. റൈഡ് ഹെയ്ലിംഗ്, ഷെയേര്‍ഡ് മൊബിലിറ്റി എന്നീ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ടതും കൂടുതല്‍ കണക്റ്റഡുമായ ഭാവിക്കായി മൊബിലിറ്റി സൊലൂഷനുകള്‍ വികസിപ്പിക്കുന്നതിന് മാരുതി സുസുകിയുമായി സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios