നാല് ഡീസല്‍ കാറുകളുടെ വാറന്‍റി പിരീഡ് കൂട്ടി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയുടെ ഡീസല്‍ പതിപ്പുകളുടെ വാറന്‍റി കാലവാധിയാണ് ഉയര്‍ത്തിയത്. 

ഈ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ അഞ്ച് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്‍റി ലഭിക്കും. നേരത്തെ ഉണ്ടായിരുന്ന രണ്ട് വര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്റര്‍ എന്നതാണ് വര്‍ദ്ധിപ്പിച്ചത്. 

വാഹനത്തിന്‍റെ ഹൈ പ്രഷര്‍ പമ്പ്, കംപ്രസര്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂള്‍, ടര്‍ബോചാര്‍ജര്‍ അസംബ്ലി, ക്രിട്ടിക്കല്‍ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ പാര്‍ട്‌സ്, സ്റ്റിയറിങ് അസംബ്ലി, സസ്‌പെന്‍ഷന്‍ സ്ട്രട്ട്‌സ് തുടങ്ങിയ നിരവധി ഭാഗങ്ങള്‍ ഈ വാറന്‍റിയില്‍ കവര്‍ ചെയ്യും. പുതിയ ഉപഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷ വാറണ്ടി പിരീഡ് ലഭിക്കാന്‍ അധിക തുക നല്‍കേണ്ടതില്ല. രാജ്യത്തെ എല്ലാ മാരുതി ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകള്‍ വഴിയും അഞ്ച് വര്‍ഷ വാറണ്ടി സൗകര്യം ലഭിക്കും. 

ഈ നാല് മോഡലുകളിലും 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് ഹൃദയം. ബ്രെസയിലും എസ്-ക്രോസിലും ഈ എഞ്ചിന്‍  90 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുമ്പോള്‍ സ്വിഫ്റ്റിലും ഡിസയറിലും  75 എച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്.