വാഹനവിപണിയിലെ മാന്ദ്യം തുടര്‍ക്കഥയാകുകയാണ്. അതേസമയം വിപണിയെ ഉണര്‍ത്താനും ഉത്സവകാലം ലക്ഷ്യമിട്ടും വാഹനങ്ങളുടെ വിലയില്‍ വീണ്ടും കുറവുവരുത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. 

തിരഞ്ഞെടുത്ത മോഡലുകളെ 5000 രൂപവരെ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം. അള്‍ട്ടോ 800, അള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലോരിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ഡിസയര്‍ ടൂര്‍ എസ്, വിറ്റാര ബ്രെസ, എസ്- ക്രോസ് തുടങ്ങിയ മോഡ‍ലുകള്‍ക്ക് വിലക്കിഴിവ് ലഭിക്കും. സെപ്‍തംബര്‍ 25 മുതല്‍ രാജ്യത്താകമാനമുള്ള ഡീലര്‍ഷിപ്പുകളില്‍ ഈ ഓഫര്‍ ലഭ്യമായിത്തുടങ്ങും. 

കഴിഞ്ഞയാഴ്‍ച കാറുകൾക്ക് നാൽപ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ വിലക്കുറവ് മാരുതി വാഗ്‍ദാനം ചെയ്‍തിരുന്നു. ഇതോടൊപ്പം വാഹനവായ്‍പ നിരക്കുകൾ കുറയ്ക്കാൻ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും കമ്പനി അറിയിച്ചിരുന്നു. ഓഗസ്റ്റില്‍ മാത്രം 36 ശതമാനത്തിന്റെ ഇടിവാണ് മാരുതി വാഹനങ്ങളുടെ വിൽപ്പനയിലുണ്ടായത്.