ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതിക്കെതിരെയുള്ള ശത്രുക്കളുടെ പ്രധാന ആരോപണമാണ് സുരക്ഷ കുറവാണെന്ന് എന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ കഴുകിക്കളയുകയാണ് മാരുതി. സുരക്ഷ കൂട്ടി പുത്തന്‍ അള്‍ട്ടോ അവതരിപ്പിച്ചതിനു പിന്നാലെ കോംപാക്ട് സെഡാനായ ഡിസയർ ടൂർ എസിന്റെയും സുരക്ഷ കൂട്ടി മാരുതി സുസുക്കി ഇന്ത്യ. 

ഡ്രൈവര്‍ എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ്,  റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനുമായി സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായി നല്‍കിയത്. ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് നിലവിൽ വന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങളാണ് ടൂർ എസിനെ പരിഷ്‍കരിക്കാന്‍ കാരണം. 

ടൂറിസ്റ്റ് ടാക്സി, ഫ്ളീറ്റ് ഓപ്പറേറ്റർ മേഖലകളിലെ ഇഷ്‍ടവാഹനമാണ് രണ്ടാം തലമുറ ഡിസയർ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ടൂർ എസ്.  ഏപ്രിൽ ഒന്നിനു ശേഷം നിർമിക്കുന്ന വാഹനങ്ങളിൽ എ ബി എസ് നിർബന്ധമാണ്. ഡ്രൈവർ എയർബാഗ്, റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീഡ് അലർട്ട് സംവിധാനം, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയൊക്കെ ജൂലൈ ഒന്നു മുതൽ നിർബന്ധമാവും.

സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. 1.3 ലിറ്റര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിനാണ് ഹൃദയം. ഈ എഞ്ചിന്‍ 74 ബിഎച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും സൃഷ്‍ടിക്കും. സിഎന്‍ജി ഓപ്ഷനിലും പെട്രോള്‍ വേരിയന്റ് ലഭിക്കും. 70 ബിഎച്ച്പിയാണ് പവര്‍ ഔട്ട്പുട്ട്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു രണ്ട് എന്‍ജിനുകളുടെയും ട്രാൻസ്മിഷൻ. 

സുരക്ഷ മെച്ചപ്പെടുത്തിയതോടെ വാഹനത്തിന്റെ ദില്ലി എക്സ് ഷോറൂം വില 5.60 ലക്ഷം മുതൽ 6.60 ലക്ഷം രൂപ വരെയായും കൂടി. 

2008ലായിരുന്നു  മാരുതി ഡിസയറിനെ അവതരിപ്പിച്ചത്. സ്വിഫ്റ്റിന്റെ രൂപകല്പനയിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാൻ സെഗ്മെന്റിലെ വാഹനമായിരുന്നു ഡിസയർ.  2012-ല്‍ ടാക്‌സി സെഗ്മെന്റിൽ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാൻ പതിപ്പിന്‍റെ അവതരണം. അപ്പോഴും മികച്ച പ്രകടനം തന്നെ ഡിസയർ കാഴ്ച വച്ചു. 2017ല്‍ ഡിസയര്‍ ടൂറിന്‍റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.