ജനപ്രിയ വാന്‍ ഈക്കോയുടെ സിഎന്‍ജി എന്‍ജിന്‍റെ ബിഎസ്6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. 4.64 ലക്ഷം മുതല്‍ 5.06 ലക്ഷം രൂപ വരെയാണ് സി എന്‍ ജി ഇന്ധമാക്കുന്ന ഈക്കോ ബിഎസ്6ന്‍റെ ദില്ലി എക്സ് ഷോറൂം വില. 

നിര്‍മാണശാലയില്‍ നിന്നു ഘടിപ്പിച്ച എസ് - സി എന്‍ ജി കിറ്റ് സഹിതമാണ് ഈ ഈക്കോയുടെ വരവ്. എല്ലാത്തരം ഭൂപ്രകൃതിയിലും മികച്ച ഡ്രൈവിങ് ക്ഷമതയും പ്രകടനവും ഉറപ്പാക്കാന്‍ ഈ കിറ്റിനാവുമെന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം. അഞ്ചും ഏഴും സീറ്റുകള്‍ക്കൊപ്പം കാര്‍ഗോ, ആംബുലന്‍സ് സാധ്യതകളോടെ 12 വകഭേദങ്ങളിലാണ് ഈകൊ വില്‍പനയ്‌ക്കെത്തുക. 

പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ ഉള്‍പ്പെടുത്തി പുതിയ പതിപ്പിനെ 2019 ഒടുവിലാണ് മാരുതി വിപണിയില്‍ എത്തിച്ചത്. പിന്നാലെ 2020 ജനുവരിയില്‍ പെട്രോള്‍ മോഡലിന്റെ ബിഎസ്6 പതിപ്പും അവതരിപ്പിച്ചു. 

മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 2010ലാണ് ഇക്കോയെ മാരുതി ആദ്യം അവതരിപ്പിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കാരണം നിരത്തൊഴിയുന്ന ഓംനിക്ക് പകരമാണ് മാരുതി ഇക്കോയെ പരിഷ്‌കരിച്ചത്. 2010 ജനുവരിയില്‍ വിപണിയിലെത്തിയ ഈക്കോ ഇതുവരെ 6.5 ലക്ഷത്തിലധികം വിൽപ്പന നേടിയിട്ടുണ്ട്.  2019 -ലെ വില്‍പ്പന കണക്കനുസരിച്ച് ഒരു ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2018 -നെക്കാള്‍ വില്‍പ്പനയില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം. മോഡലുകള്‍ വളരെ കുറവുള്ള ഈ വിഭാഗത്തില്‍ 87 ശതമാനം വിപണി വിഹിതം ഈക്കോയ്ക്കുണ്ടെന്നു മാരുതി സുസുക്കി പറയുന്നു. 

അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഈക്കോയുടെ ഇതുവരെയുള്ള വില്‍പന 6.70 ലക്ഷം യൂണിറ്റിലേറെയാണെന്നാണു മാരുതി സുസുക്കിയുടെ അവകാശവാദം. കുടുംബങ്ങളുടെ യാത്രയ്ക്ക് തികച്ചും അനുയോജ്യമായ വാഹനമെന്നതിനൊപ്പം ബിസിനസ് സംരംഭകരുടെ വിശ്വസ്ത മോഡലുമാണ് ഈകൊയെന്നു മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഈ പാരമ്പര്യം നിലനിര്‍ത്താനും മികച്ച പ്രകടനക്ഷമതയും സുരക്ഷിതത്വയും സൗകര്യവും ഇന്ധനക്ഷമതയുമൊക്കെ ഉറപ്പാക്കാനും കഴിയും വിധമാണ് 'ഈകൊ ബിഎസ്ആറ് എസ് -സിഎന്‍ജിയുടെ രൂപകല്‍പ്പനയെന്നും അദ്ദേഹം അവകാശപ്പെട്ടു.