Asianet News MalayalamAsianet News Malayalam

മാന്ദ്യകാലത്തും എര്‍ടിഗക്ക് നല്ലകാലം, മൂക്കും കുത്തി വീണ് ഇന്നോവ!

എര്‍ടിഗ വില്‍പ്പനയില്‍ 76 ശതമാനം കുതിപ്പുണ്ടാക്കിയപ്പോള്‍ ഇന്നോവ ക്രിസ്റ്റക്ക് 25 ശതമാനം ഇടിവ്

Maruti Suzuki Ertigas Sales Reports In 2019 June
Author
Mumbai, First Published Jul 29, 2019, 12:50 PM IST

മാരുതിയുടെ ജനപ്രിയ എം പി വി എര്‍ടിഗ, സെഗ്‍മെന്‍റിലെ മുഖ്യഎതിരാളികളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റക്കും മഹീന്ദ്രയുടെ മരാസോക്കുമൊക്കെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് തെളിയിക്കുകയാണ് 2019 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍. എര്‍ടിഗ വില്‍പ്പനയില്‍ 76 ശതമാനം കുതിപ്പുണ്ടാക്കിയപ്പോള്‍ ഇന്നോവ ക്രിസ്റ്റക്ക് 25 ശതമാനം ഇടിവാണ് സംഭവച്ചിരിക്കുന്നത്. 

ജൂണ്‍ മാസം 7567 എര്‍ടിഗകളാണ് നിരത്തിലെത്തിയത്. 2018 ജൂണിലെ 4311 എന്ന സ്ഥാനത്തു നിന്നാണ് എര്‍ടിഗയുടെ ഈ കുതിപ്പെന്നതാണ് കൗതുകകരം. വില്‍പനയില്‍ 76 ശതമാനത്തിന്‍റെയാണ് വളര്‍ച്ച. വാഹന വിപണിയില്‍ കടുത്ത മാന്ദ്യം തുടരുമ്പോഴും എര്‍ടിഗയുടെ ഈ മിന്നും പ്രകടനത്തിന്‍റെ അമ്പരപ്പിലാണ് വാഹന നിര്‍മ്മാതാക്കള്‍ക്കൊപ്പം മാരുതി പോലുമെന്നതാണ് രസകരം. 

എര്‍ടിഗ കുതിക്കുമ്പോഴും മുഖ്യ എതിരാളിയായ ഇന്നോവ ക്രിസ്റ്റക്ക് വന്‍ തിരിച്ചടിയാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2019 ജൂണില്‍ 4814 ക്രിസ്റ്റകളാണ് നിരത്തിലെത്തിയത്. 2018 ജൂണില്‍ 6426 ക്രിസ്റ്റകള്‍ വിറ്റ സ്ഥാനത്താണിതെന്നതാണ് ടൊയോട്ടയെ അമ്പരപ്പിക്കുന്നത്. ക്രിസ്റ്റ വില്‍പ്പനയില്‍ 25 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പുതിയ എര്‍ടിഗയാണ് ഈ നേട്ടത്തിനു പിന്നിലെന്നാണ് കമ്പനി പറയുന്നത്. പുതിയ മോഡല്‍ എത്തിയതോടെ എര്‍ടിഗയുടെ വില്‍പ്പനയില്‍ 60 ശതമാനം വളര്‍ച്ചയാണെന്നും പ്രതിമാസം ശരാശരി 8000 യൂണിറ്റ് പുറത്തിറക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍. 

2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച  പുതുതലമുറ എര്‍ടിഗ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. വാഹനത്തിന്‍റെ പുത്തന്‍ ഡിസൈനും കരുത്തും സുരക്ഷയും വില്‍പ്പനക്ക് മുതല്‍കൂട്ടായെന്നും അതുകൊണ്ടാണ് പുറത്തിറക്കി എട്ട് മാസത്തിനുള്ളില്‍ എംപിവി ശ്രേണിയുടെ മേധാവിത്വം സ്വന്തമാക്കാന്‍ വാഹനത്തിനു കഴിഞ്ഞതെന്നും മാരുതി സെയില്‍സ് വിഭാഗം മേധാവി ശശാങ്ക് ശ്രീവാസ്‍തവ പറയുന്നു. 

ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ ഉല്‍പാദിപ്പിക്കുന്ന മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട്‌ മള്‍ട്ടിപര്‍പ്പസ്‌ വാഹനമായ (എംപിവി) എര്‍ടിഗയെ 2012 ജനുവരിയിലാണ് ആദ്യമായി പുറത്തിറക്കിയത്. രണ്ടാം തലമുറക്ക് പുറമേ വാഹനത്തിന്‍റെ സിഎന്‍ജി, ടൂര്‍ എം തുടങ്ങിയ മോഡലുകളും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios