Asianet News MalayalamAsianet News Malayalam

ബ്രസ നിര്‍മ്മിക്കാന്‍ ടൊയോട്ടയ്ക്ക് മാരുതിയുടെ അനുമതി

ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് വിറ്റാര ബ്രെസ സബ്‌കോംപാക്റ്റ് എസ് യുവി കൈമാറാന്‍ മാരുതി സുസുക്കി മാനേജ്‌മെന്റ് ബോര്‍ഡ് അനുമതി നല്‍കി.  

Maruti Suzuki India board approves supply of Vitara Brezza to Toyota Kirloskar Motor
Author
Mumbai, First Published May 16, 2020, 2:48 PM IST

ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം വിറ്റാര ബ്രെസ സബ്‌കോംപാക്റ്റ് എസ് യുവി കൈമാറാന്‍ മാരുതി സുസുക്കി മാനേജ്‌മെന്റ് ബോര്‍ഡ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് അനുമതി നല്‍കി. സുസുകിയും ടൊയോട്ടയും തമ്മിലുള്ള ആഗോള പങ്കാളിത്തം അനുസരിച്ച് വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പ് നിര്‍മിക്കും. റീബാഡ്‍ജ് ചെയ്ത വേര്‍ഷന്‍ ടൊയോട്ട വിപണിയിലെത്തിക്കും.

ഇരു ജാപ്പനീസ് കമ്പനികളും തമ്മിലുള്ള കരാര്‍ അനുസരിച്ച് മാരുതി സുസുകി അനുമതി നല്‍കുന്ന രണ്ടാമത്തെ മോഡലാണ് വിറ്റാര ബ്രെസ. നേരത്തെ പ്രീമിയം ഹാച്ച്ബാക്കായ മാരുതി സുസുകി ബലേനോ റീബാഡ്ജ് ചെയ്ത് ടൊയോട്ട ഗ്ലാന്‍സ എന്ന പേരില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പിന് അര്‍ബന്‍ ക്രൂസര്‍ എന്ന പേരിടുമെന്നാണ് സൂചന. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഈ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. വിറ്റാര ബ്രെസയുമായി താരതമ്യം ചെയ്യുമ്പോള്‍ അര്‍ബന്‍ ക്രൂസറില്‍ പുതിയ ഗ്രില്‍ ഉള്‍പ്പെടെയുള്ള ഡിസൈന്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കും.

നിലവില്‍ വിറ്റാര ബ്രെസ ഉപയോഗിക്കുന്ന അതേ 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിന്‍ ടൊയോട്ട അര്‍ബന്‍ ക്രൂസറിന് കരുത്തേകും. ഈ മോട്ടോര്‍ 103 ബിഎച്ച്പി പരമാവധി കരുത്തും 138 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ വിറ്റാര ബ്രെസയുടെ ടൊയോട്ട വേര്‍ഷന്‍ വിപണിയിലെത്തും. 

ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ് യുവി 300, വരാനിരിക്കുന്ന കിയ സോണറ്റ് എന്നിവ വിപണിയില്‍ എതിരാളികളായി മല്‍സരിക്കും. വാഹനം ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് ഉള്‍പ്പെടെയുള്ള ചില മോഡലുകള്‍ പരസ്‍പരം കൈമാറുന്നതിന് 2018 മാര്‍ച്ചിലാണ് സുസുക്കിയും ടൊയോട്ടയും കരാറിലെത്തിയത്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസ 2019 ജൂണിലാണ് വിപണിയിൽ എത്തിയത്. ഇതിനകം 24,000 ഓളം യൂണിറ്റ് വിറ്റുപോയി.

വളരെപ്പെട്ടെന്നു തന്നെ ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നായി മാറാൻ ഗ്ലാൻസയ്ക്കു കഴിഞ്ഞു. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എർട്ടിഗ, ആൾട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ ബാഡ്‍ജ് ചെയ്ത് ഉടൻ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios