2022 ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സംഖ്യകൾ നാല് ശതമാനത്തിലധികം കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2021 ഡിസംബറിൽ ഉൽപ്പാദനം വർധിപ്പിച്ചതു മുതൽ, രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്ക് (Maruti Suzuki) അതിന്റെ പ്രതിമാസ ഉൽപ്പാദന എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞതായി റിപ്പോര്‍ട്ട്. ഇത് കാർ നിർമ്മാതാവ് സമർപ്പിച്ച അവസാന രണ്ട് റിപ്പോർട്ടുകളിൽ വ്യക്തമാണ് എന്നും കഴിഞ്ഞ മാസം മാരുതി സുസുക്കി പാസഞ്ചർ വാഹനങ്ങളും ചെറുകിട വാണിജ്യ വാഹനങ്ങളും ഉൾപ്പെടുന്ന മൊത്തം 1,68,180 യൂണിറ്റുകൾ നിർമ്മിച്ചു എന്നും കാര്‍ വെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സംഖ്യകൾ നാല് ശതമാനത്തിലധികം കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മിനി , കോംപാക്ട് ഉപവിഭാഗത്തിന് കീഴിൽ 1,19,304 വാഹനങ്ങളാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി നിർമ്മിച്ചത്. അൾട്ടോ , വാഗൺ ആർ , സ്വിഫ്റ്റ് , ബലേനോ , സെലേറിയോ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന ഈ വിഭാഗമാണ് ബ്രാൻഡിന്റെ വിൽപ്പനയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് . മിഡ്-സൈസ് സെഗ്‌മെന്റിലേക്ക് വരുമ്പോൾ, സിയസിന്റെ മൊത്തം 1,943 യൂണിറ്റുകൾ നിർമ്മിച്ചു. എർട്ടിഗ , എസ്-ക്രോസ്, വിറ്റാര ബ്രെസ , XL6 എന്നീ യൂട്ടിലിറ്റി വാഹനങ്ങൾ 44,536 യൂണിറ്റുകൾ നിർമ്മിച്ചു. ഈ മാസം ഉൽപ്പാദിപ്പിച്ച യാത്രാ വാഹനങ്ങളുടെ എണ്ണം 1,65,783 യൂണിറ്റുകളാണ്.
കഴിഞ്ഞ ആഴ്‍ച മാരുതി സുസുക്കി ഡിസയർ കോംപാക്ട് സെഡാന്റെ സിഎൻജി പതിപ്പ് 8.14 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. ഇത് VXi, ZXi ട്രിമ്മുകളിൽ ലഭ്യമാണ്. 76 ബിഎച്ച്പിയും 98.5 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്. മാരുതി സുസുക്കി ഡിസയർ ഒരു മാനുവൽ ട്രാൻസ്‍മിഷനോടുകൂടി മാത്രമാണ് വാഗ്‍ദാനം ചെയ്യുന്നത്.
കയറ്റുമതിയിൽ നേട്ടം സ്വന്തമാക്കി മാരുതി
കോവിഡിൻ്റെ ക്ഷീണം പിന്നിട്ട വിപണിയിൽ 2022 ഫെബ്രുവരിയിലെ കണക്കെടുപ്പിൽ ഇന്ത്യയുടെ താര ബ്രാൻ്റായ മാരുതിയുടെ കാറുകൾ ബഹുദൂരം മുന്നിലെത്തി. ചിപ്പുകൾ അടക്കമുള്ള ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഇടിവ് ലോകവ്യാപകമായിത്തന്നെ വാഹനവിപണിയെ പ്രതിസന്ധിയിലാക്കിയ ഒരു കാലഘട്ടം കൂടിയായിരുന്നിട്ടും കയറ്റുമതിയിൽ റെക്കോഡ് നേട്ടമാണ് ഈ ഫെബ്രുവരിയിൽ മാരുതി സ്വന്തമാക്കിയത്.
ഈ ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വില്പന നടന്ന കാറുകളുടെ പട്ടികയിലെ ആദ്യ പത്തിൽ ഏഴു സ്ഥാനങ്ങളും മാരുതിയുടെ വിവിധ മോഡലുകൾ സ്വന്തമാക്കി. ഏറ്റവും കൂടുതൽ വില്പന മാരുതി സ്വിഫ്റ്റിനാണ്. 19,202 സ്വിഫ്റ്റ് കാറുകളാണ് ഫെബ്രുവരിയിൽ മാത്രം മാരുതി വിറ്റത്. 17,438 യൂണിറ്റ് വില്പനയോടെ മാരുതിയുടെ തന്നെ ഡിസയർ രണ്ടാം സ്ഥാനത്തും 14,669 യൂണിറ്റ് വില്പനയോടെ മാരുതി വാഗൺ ആർ മൂന്നാം സ്ഥാനത്തുമെത്തി. മാരുതിയുടെ തന്നെ ബലേനോ നാലാം സ്ഥാനവും എർട്ടിഗ ആറാം സ്ഥാനവും ആൾട്ടോ ഏഴാം സ്ഥാനവും സെലേരിയോ പത്താം സ്ഥാനവും നേടിയപ്പോൾ ടാറ്റ നെക്സൺ അഞ്ചാം സ്ഥാനത്തും മഹിന്ദ്ര ബൊലേറോ എട്ടാം സ്ഥാനത്തും ഹുണ്ടായ് വെന്യൂ ഒൻപതാം സ്ഥാനത്തും എത്തി.
1,37,607 യൂണിറ്റുകളാണ് വിവിധ മോഡലുകളിലായി ആകെ 2022 ഫെബ്രുവരിയിൽ മാരുതി ഇന്ത്യയിൽ വിറ്റത്. ആകെ വില്പനയിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ്ക്ക് മാരുതിയുടെ പകുതി പോലും യൂണിറ്റുകൾ വിൽക്കാനായില്ലെന്നതും ശ്രദ്ധേയം. 44,050 യൂണിറ്റ് വാഹനങ്ങളാണ് വിവിധ മോഡലുകളിലായി ഹ്യുണ്ടായ് വിറ്റത്.
മാരുതി ഏറ്റവും കൂടുതൽ വാഹനങ്ങൾ കയറ്റുമതി ചെയ്ത മാസവും 2022 ഫെബ്രുവരിയാണ്. 24,021 യൂണിറ്റുകളാണ് വിവിധ മോഡലുകളിലായി കഴിഞ്ഞ മാസത്തെ മാരുതിയുടെ കയറ്റുമതി. കഴിഞ്ഞ വർഷം ഈ സമയത്തെ കയറ്റുമതിയുടെ ഇരട്ടി വരും ഇത്. 11,486 യൂണിറ്റുകളാണ് 2021 ഫെബ്രുവരിയിൽ മാരുതി കയറ്റുമതി ചെയ്തിരുന്നത്. കയറ്റുമതി കൂടി കൂട്ടുമ്പോൾ മാരുതിയുടെ ആകെ വില്പന 1,64,056 യൂണിറ്റുകളായി ഉയരുകയും ചെയ്യും. ഈ സാമ്പത്തികവർഷം ഇതുവരെയായി എല്ലാ മോഡലുകളിലുമായി ആകെ 14,82,258 യൂണിറ്റുകളുടെ വില്പന നടന്നതായും മാരുതി അറിയിച്ചു.
