ലോക്ക് ഡൗണ്‍ മൂലം ദുരിത്തിലായവരുടെ വിശപ്പകറ്റുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). 

കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലാണ് രാജ്യം. ഈ സമയം സര്‍ക്കാരിനും ജനങ്ങള്‍ക്കും സഹായവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍.

ലോക്ക് ഡൗണ്‍ മൂലം ദുരിത്തിലായവരുടെ വിശപ്പകറ്റുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). പ്രധാനമായും ഹരിയാനയിലെ നിർമാണശാലകളുടെ പരിസരത്തു താമസിക്കുന്നവർക്കാണ് ഈ ലോക്ക്ഡൗൺ കാലത്തു മാരുതി സുസുക്കിയുടെ സഹായം ലഭിക്കുന്നത്. 

കഴിഞ്ഞ ആഴ്ചകളായി 1.20 ലക്ഷത്തിലേറെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തെന്നാണു കമ്പനിയുടെ കണക്ക്. സമീപവാസികൾക്ക് പതിനായിരത്തോളം ഭക്ഷ്യോപകരണ കിറ്റുകളും ലഭ്യമാക്കി. 

ശുദ്ധജല ലഭ്യത ഉറപ്പാക്കാനായി ഹരിയാനയിലെ 16 ഗ്രാമങ്ങളിലായി 17 ജല എ ടി എമ്മുകളും മാരുതി സുസുക്കി സ്ഥാപിച്ചിട്ടുണ്ട്. അലിയാർ ഗ്രാമത്തിൽ പ്രതിദിനം 4,500 ലീറ്റർ ജലവും മനേസാറിനടുത്തുള്ള ധന ഗ്രാമത്തിൽ ദിവസവും 3,800 ലീറ്ററോളം ശുദ്ധജലവും വിതരണം ചെയ്യുന്നുണ്ടെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. ഇതിനു പുറമെ ഗുരുഗ്രാം പ്രാദേശിക ഭരണകൂടത്തിനായി മുഖാവരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. പ്രാദേശിക ഭരണകൂടവുമായും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായും സഹകരിച്ചാണു മാരുതി സുസുക്കിയുടെ സഹായ വിതരണം.