മാരുതി സുസുക്കിയുടെ യൂസ്‍ഡ് കാർ ബിസിനസ്  സംരംഭമായ ട്രൂ വാല്യൂ  ഔട്ട്‌ലെറ്റുകള്‍ ഇനി ഉടമകളില്‍നിന്ന് കാറുകള്‍ വാങ്ങുമെന്ന് മാരുതി സുസുകി പ്രഖ്യാപിച്ചു. അതായത് കാറുടമകള്‍ക്ക് തങ്ങളുടെ കാര്‍ ഇനി മാരുതി സുസുകി ട്രൂ വാല്യൂവിന് വില്‍ക്കാം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറുകള്‍ ഉടമകളുടെ വീട്ടില്‍ ഇരിക്കുമ്പോള്‍ തന്നെ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ട്രൂ വാല്യൂ മൂല്യനിര്‍ണയം നടത്തും. മാരുതി സുസുകിയുടെ പ്രീ-ഓണ്‍ഡ് കാര്‍ വില്‍പ്പന ശൃംഖലയാണ് ട്രൂ വാല്യൂ.

അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം (2019-20) മാരുതി സുസുകി ട്രൂ വാല്യൂ ഇന്ത്യയില്‍ നാല് ലക്ഷത്തിലധികം യൂസ്ഡ് കാറുകള്‍ വിറ്റു. 2020 ഫെബ്രുവരി വരെയുള്ള കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 3.7 ശതമാനം വളര്‍ച്ച. എല്ലാ ഉപയോക്താക്കള്‍ക്കും നന്ദി അറിയിക്കുന്നതായി മാരുതി സുസുകി ഇന്ത്യ വിപണന വില്‍പ്പന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

2018–19 കാലത്ത് ട്രൂ വാല്യു നേടിയത് 19% വളർച്ചയാണ്. വിപണി ശരാശരിയെക്കാൾ കൂടുതലാണിതെന്നതാണ് കൗതുകം. 2019 ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ 1.98 ലക്ഷം യൂസ്ഡ് കാർ മാരുതി വിറ്റു. 2018 ല്‍ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6% വളർച്ച.

നിലവില്‍ രാജ്യത്തെ 280 നഗരങ്ങളിലായി  581 ട്രൂ വാല്യൂ യൂസ്ഡ് കാർ ഷോറൂമുകളാണു മാരുതിക്കുള്ളത്. കാറിന് വാറന്‍റിയും സർവീസ് പാക്കേജുകളുമൊക്കെയുണ്ട്. 376 കാര്യങ്ങൾ പരിശോധിച്ചാണ് കമ്പനി ട്രൂ വാല്യൂ സർട്ടിഫിക്കേഷൻ നൽകുന്നത്. ഡിജിറ്റലായതിനാല്‍ കാറിന്റെ വിവരങ്ങളും ലഭ്യതയും ഉറപ്പാക്കിയശേഷം വാങ്ങാമെന്നതും ട്രൂ വാല്യുവിനെ ജനപ്രിയമാക്കുന്നു. 

തടസ്സങ്ങളും ബുദ്ധിമുട്ടുമില്ലാതെ മികച്ച യൂസ്ഡ് കാറുകൾ സ്വന്തമാക്കാനുള്ള അവസരമാണു ട്രൂവാല്യൂ ലഭ്യമാക്കുന്നത്. ഉപയോഗിച്ച കാറുകൾ വാങ്ങാനുള്ള നടപടിക്രമം ലളിതമാക്കാൻ മാരുതി സുസുക്കി പരിഷ്കരിച്ച ട്രൂ വാല്യൂ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും അവതരിപ്പിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ട്രൂ വാല്യൂ ഷോറൂമുകളിൽ വിൽപ്പനയ്ക്കുള്ള കാറുകൾ കാണാനും ഇഷ്ടമുള്ള കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരവും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്.

ഓരോ മാസവും എട്ട് ലക്ഷത്തോളം പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു. 376 പരിശോധനകള്‍ നടത്തി സാക്ഷ്യപ്പെടുത്തിയാണ് ട്രൂ വാല്യൂ കാറുകള്‍ വില്‍ക്കുന്നത്. കാറുകള്‍ക്ക് ഒരു വര്‍ഷം വരെ വാറന്റിയും മൂന്ന് സൗജന്യ സര്‍വീസുകളും ലഭിക്കും. 25–45 ആണ് ട്രൂവാല്യൂ ഉപയോക്താക്കളുടെ പ്രായമെന്നാണ് കണക്കുകള്‍. ട്രൂ വാല്യൂ വഴിയുള്ള വിൽപനയിൽ 55% സ്വിഫ്റ്റും വാഗൺ ആറും ആണ്. ഇവയ്ക്ക് ഒപ്പം ഓൾട്ടോ കൂടി ചേർത്താൽ കഴി‍ഞ്ഞ രണ്ടു വർഷത്തിൽ എട്ട് ലക്ഷം വാഹനങ്ങള്‍ ട്രൂ വാല്യുവിലൂടെ വിറ്റഴിഞ്ഞു എന്നാണ് കണക്കുകള്‍. 

മാരുതി സുസുക്കി ട്രൂ വാല്യൂവിന്റെ തൊട്ടടുത്ത എതിരാളിയായ ‘മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ്’ വില്‍ക്കുന്നത് പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തിലധികം കാറുകളാണ്. രാജ്യത്തെ 810 ലധികം നഗരങ്ങളിലായി 1,700 ഔട്ട്‌ലെറ്റുകളിലൂടെയാണ് മഹീന്ദ്ര യൂസ്ഡ് കാറുകള്‍ വില്‍ക്കുന്നത്.