തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡലായ XL5ന്‍റെ പണിപ്പുരയിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. വാഗണ്‍ആറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ മോഡല്‍ 2021ല്‍ വിപണിയില്‍ എത്തും എന്നാണ് കരുതുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. കഴിഞ്ഞ മാസവും സമാനമായ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഓണ്‍ലൈന്‍ മാധ്യമമായ റഷ്‌ലൈന്‍ ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയ നിലയിലായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ഗുരുഗ്രാമിലെ മാരുതി പ്ലാന്‍റിനു സമീപത്തു വച്ച ക്യാമറയില്‍ കുടുങ്ങിയ ടെസ്റ്റ് ഡ്രൈവ് വാഹനത്തില്‍ എക്സ്ഹോസ്റ്റ് കാണാനില്ല. മാത്രമല്ല ബാറ്ററി പായ്ക്കിനായി ചെറിയ പ്ലാറ്റ്‌ഫോം നല്‍കിയിരിക്കുന്നതും വ്യക്തമാണ്. 

ORVM- കളിലെ ടേണ്‍-ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഒപ്പം 14 ഇഞ്ച് അലോയ് വീലുകളും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിലുണ്ട്. വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിലേക്ക് കടക്കുന്നതിനു മുമ്പ്, മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷം രാജ്യത്ത് 50 ജെഡിഎം-സ്‌പെക്ക് പ്രോട്ടോടൈപ്പുകളും അവതരിപ്പിച്ചിരുന്നു.

ഇത് വിവിധ സാഹചര്യങ്ങളില്‍ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നതായും തുടക്കത്തില്‍ വാണിജ്യപരമായ ഉപയോഗത്തിനും ഫ്‌ലീറ്റ് മാനേജ്‌മെന്റിനുമായി ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇവരില്‍ നിന്നുള്ള പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാകും വ്യക്തിഗത ഉപയോഗത്തിനായി ഉത്പ്പന്നം പുറത്തിറക്കുകയെന്നാണ് സൂചന. 

എന്നാല്‍ ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.  ഇ-വാഗണ്‍ആര്‍ എന്നായിരിക്കും ഈ വാഹനത്തിന് പേര് നല്‍കുകയെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ പിന്നീട് XL5ലേക്ക് എത്തുകയായിരുന്നു. 2019ലാണ് മാരുതി സുസുക്കി എക്‌സ്എല്‍ 6 വിപണിയിലെത്തിയത്. എന്നാല്‍ പേരില്‍ അല്ലാതെ എക്‌സ്എല്‍ 6 വാഹനവുമായി പുതിയ മോഡലിന് ബന്ധമൊന്നുമുണ്ടാകില്ല. 

പുതുതലമുറ വാഗണ്‍ആറിനും സുസുക്കി സോളിയോയ്‌ക്കും സമാനമായി ടോള്‍ബോയ് ഡിസൈനിലാകും XL5-ഉം എത്തുക. റേഡിയേറ്റര്‍ ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലാമ്പും ഡിആര്‍എല്ലും ഈ വാഹനത്തിന്റെ മുന്‍വശത്തെ വാഗണ്‍ആറില്‍ നിന്നും വ്യത്യസ്തമാക്കും. ഇടതുവശത്ത് മുന്നിലേയും പിന്നിലേയും ചക്രങ്ങള്‍ക്ക് മുകളിലായി രണ്ട് ചാര്‍ജിങ് പോയിന്റുകള്‍ വാഹനത്തിലുണ്ട്.

മെലിഞ്ഞ ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ എന്നിവയോടെയാണ് മാരുതി സുസുകി എക്‌സ്എല്‍ 5 വരിക. പ്രൊജക്റ്റര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകളില്‍ എല്‍ഇഡി എന്നിവയുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ എക്‌സ്എല്‍ 5ന്റെ മൊത്തത്തിലുള്ള രൂപം വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് സമാനമായിരിക്കും.

Photo Courtesy: Rush Lane