ഇറ്റാലിയന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ മാസെറാറ്റിയുടെ ഐക്കണിക്ക് മോഡല്‍ ലെവാന്റെയുടെ ഹൈബ്രിഡ് പതിപ്പ് ആഗോളതലത്തില്‍ പുറത്തിറക്കി. 

കൂടുതല്‍ സ്‌പോര്‍ട്ടിയായ പുതിയ ജിടി വകഭേദം ആണ് പുറത്തിറക്കിയതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  പുതുതായി അസൂറോ ആസ്‌ട്രോ എന്ന് വിളിക്കുന്ന മെറ്റാലിക് ബ്ലൂ നിറം അവതരിപ്പിച്ചു. കൂടാതെ നീലനിറ സാന്നിധ്യം ബ്രേക്ക് കാലിപറുകളിലും വശങ്ങളിലെ മൂന്ന് എയര്‍ ഇന്‍ടേക്കുകളിലും ലോഗോ നല്‍കിയ സി പില്ലറിലും കാണാം.

പുതിയ ലെവാന്റെ ഹൈബ്രിഡ് മോഡലിന് മൂന്നക്ക വേഗത കൈവരിക്കാന്‍ ആറ് സെക്കന്‍ഡ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 240 കിലോമീറ്ററാണ് ടോപ് സ്പീഡ്. എയര്‍ സസ്‌പെന്‍ഷന്‍, ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം, പിറകില്‍ മെക്കാനിക്കല്‍ ലിമിറ്റഡ് സ്ലിപ്പ് ഡിഫ്രെന്‍ഷ്യല്‍ എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്.  21 ഇഞ്ച് വ്യാസമുള്ളതാണ് ചക്രങ്ങള്‍. 

കാബിനില്‍, അപ്‌ഗ്രേഡ് ചെയ്ത 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 7.0 ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവ നല്‍കി. പരിഷ്‌കരിച്ച മോഡലില്‍ കണ്ട നവീകരിച്ച ഹെഡ്‌ലൈറ്റുകള്‍ നൽകിയിരിക്കുന്നു. മാസെറാറ്റി ലെവാന്റെ ഹൈബ്രിഡ് ഉപയോഗിക്കുന്നത് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കി. റിപ്പോർട്ട് പ്രകാരം ഗിബ്ലി ഹൈബ്രിഡിന് ലഭിക്കുന്നതുപോലെ, 5,750 ആര്‍പിഎമ്മില്‍ 325 ബിഎച്ച്പി കരുത്തും 2,250 ആര്‍പിഎമ്മില്‍ 450 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.