കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണിനുശേഷം സംസ്ഥാനത്തെ ബസ് കണ്ടക്ടര്‍മാര്‍ക്ക് മുഖാവരണത്തിനൊപ്പം ഫേസ് ഷീല്‍ഡും നിര്‍ബന്ധമാക്കും എന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നടപടി. ഓരോ 15 മിനിറ്റ് കൂടുമ്പോഴും കണ്ടക്ടര്‍മാര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. മുഖാവരണം ധരിച്ചതുകൊണ്ടുമാത്രം രോഗവ്യാപനം തടയാനാകില്ല എന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

പൊതുവാഹനങ്ങളില്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.  ഇത്തരം വാഹനങ്ങളിലെ യാത്രക്കാരുടെ വിവരശേഖരണം സാധ്യമല്ലത്തതിനാല്‍ രോഗികളുടെ റൂട്ട്മാപ്പ് തയ്യാറാക്കുക അസാധ്യമാണ്. 

രോഗം പിടിപെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് കണ്ടക്ടര്‍മാര്‍ ഉള്ളത്. ഓര്‍ഡിനറി ബസുകളിലെ കണ്ടക്ടര്‍മാര്‍ ഒരു ദിവസം 1000 യാത്രക്കാരുമായി ഇടപഴകേണ്ടിവരുന്നുണ്ട്. യാത്രക്കാരോട് അടുത്ത് നില്‍ക്കുന്നതും ടിക്കറ്റ്, പണം എന്നിവ കൈമാറേണ്ടിവരുന്നതും രോഗവ്യാപനസാധ്യത കൂട്ടും.

സംസ്ഥാനത്ത് 14,000 സ്വകാര്യബസുകളാണുള്ളത്. മിക്കവയിലും രണ്ട് കണ്ടക്ടര്‍മാര്‍വീതമുണ്ട്. ഒരു സെറ്റ് ഫേസ് ഷീല്‍ഡിനും മാസ്‌കിനും പരമാവധി 7080 രൂപയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശീയമായി ചില സ്ഥാപനങ്ങള്‍ ഫേസ് ഷീല്‍ഡ് നിര്‍മിക്കുന്നുണ്ട്.  ഫേസ് ഷീല്‍ഡുകള്‍ പുനരുപയോഗിക്കാന്‍ കഴിയുന്നവയാണ്.  ഇവയ്ക്കാപ്പം പുനരുപയോഗിക്കാന്‍ കഴിയുന്ന തുണി മാസ്‌കുകളും നല്‍കാനാണ് പദ്ധതി.