ഇന്ത്യൻ പാസഞ്ചർ വാഹന വിപണി മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോഴും ആഡംബര കാർ വിപണിയിൽ വളർച്ച തുടരുന്നു. മെഴ്‌സിഡസ് ബെൻസിന്റെ പുതിയ അൾട്രാ-ലക്ഷ്വറി കാറുകൾ മികച്ച വിൽപ്പന നേടുന്നതായി കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയിലെ ആഡംബര കാർ വിപണി അനുദിനം വളർന്നുവരികയാണ്. വില വർദ്ധനവ്, അറ്റകുറ്റപ്പണികളുടെ ചെലവ്, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലമുള്ള സാമ്പത്തിക അനിശ്ചിതത്വം, താരിഫ് പ്രതിസന്ധി തുടങ്ങിയ വിവിധ ഘടകങ്ങൾ കാരണം ഇന്ത്യൻ പാസഞ്ചർ വാഹന വിപണി മന്ദഗതിയിലാണ്. എങ്കിലും ഈ സമയത്തും ആഡംബര കാർ വിപണി തുടർച്ചയായ വളർച്ചാ നിരക്കാണ് കാണിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ഇതിന് തെളിവാകുകയാണ് ജർമ്മൻ ആഡംബര കാർ ബ്രാൻഡായ മെഴ്‌സിഡസ് ബെൻസിന്‍റെ പുതിയ വെളിപ്പെടുത്തൽ. തങ്ങളുടെ ഏറ്റവും പുതിയ അൾട്രാ-ലക്ഷ്വറി കാർ നിര മികച്ച വിൽപ്പന നേടുന്നതായും അസ്ഥിരമായ വിപണി സാഹചര്യത്തിലും ബ്രാൻഡിന്റെ വളർച്ച തുടരുകയാണെന്നും മെഴ്‌സിഡസ് ബെൻസ് അവകാശപ്പെട്ടു. 1.35 കോടി രൂപ എക്‌സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ മെഴ്‌സിഡസ്-എഎംജി സിഎൽഇ 53 4മാറ്റിക്+ കൂപ്പെ പുറത്തിറക്കിക്കൊണ്ടാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയിലെ ആഡംബര കാറുകളുടെ വളർച്ചാ വേഗത കണക്കിലെടുത്ത്, ഈ വിഭാഗം പ്രതിവർഷം നാല് മുതൽ അഞ്ച് ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ പി‌ടി‌ഐയോട് പറഞ്ഞു. മെഴ്‌സിഡസ് ബെൻസിനെ സംബന്ധിച്ചിടത്തോളം, ടോപ്പ്-എൻഡ് കാറുകളുടെയും കോർ സെഗ്‌മെന്റുകളുടെയും വളർച്ച തുടരുകയാണ്. അതേസമയം എൻട്രി-ലെവൽ വിഭാഗത്തിന്റെ വളർച്ച കുറഞ്ഞുവെന്ന് സന്തോഷ് അയ്യർ ചൂണ്ടിക്കാട്ടി. 2025-ൽ എട്ട് ലോഞ്ചുകളോടെ, കമ്പനിയുടെ ടോപ്പ്-എൻഡ് ആഡംബര വാഹന തന്ത്രം വളരെ വിജയകരമായിരുന്നുവെന്നും ഇത് വലിയ ഉപഭോക്തൃ പ്രതികരണം നേടുകയും വിപണിയിൽ മെഴ്‌സിഡസ് ബെൻസിന്റെ അഭിലഷണീയത ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.

ചില തിരിച്ചടികൾ സംഭവിച്ചെങ്കിലും വാഹന വ്യവസായത്തിന് ചില അനുകൂല സാഹചര്യങ്ങൾ കാണുന്നുണ്ടെന്നും ഇത് സാമ്പത്തിക വർഷത്തിലെ വരും പാദങ്ങളിലെ വളർച്ചയ്ക്ക് ശുഭസൂചന നൽകുന്നുണ്ടെന്നും സന്തോഷ് അയ്യർ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ജിഡിപി വളർച്ചാ പ്രവചനങ്ങളും റെക്കോർഡ് ജിഎസ്‍ടി കളക്ഷനുകളും ചില പോസിറ്റീവ് ഘടകങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിലും വാഹന വ്യവസായം മികച്ച വളർച്ച കൈവരിക്കുന്ന വർഷത്തിലെ ഏറ്റവും സമ്പന്നമായ സമയങ്ങളിലൊന്നാണ് ഉത്സവ സീസൺ. വർഷത്തിന്‍റെ ആദ്യ പകുതിയിൽ വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഉത്സവ സീസണിൽ വിൽപ്പനയിൽ ഒരു വഴിത്തിരിവ് സംഭവിക്കുമെന്ന് വാഹനലോകം പ്രതീക്ഷിക്കുന്നു.