Asianet News MalayalamAsianet News Malayalam

ഈ സംവിധാനം ഇന്ത്യയിലാദ്യം, ചൈനീസ് ഭീമനെത്തുന്നത് പുതിയ കളികളുമായി!

അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്നോളജികളാണ് വാഹനത്തിൽ അവതരിപ്പിക്കുന്നത്. 

MG Gloster Get Autonomous Parking System
Author
Mumbai, First Published Sep 5, 2020, 5:39 PM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എംജി മോട്ടോഴ്‍സ് ഇന്ത്യയിലെ തങ്ങളുടെ നാലാമത്തെ മോഡലായ ഗ്ലോസ്റ്റര്‍ വിപണിയില്‍ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.  ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന ഖ്യാതിയോടെയാവും എംജി ഗ്ലോസ്റ്റർ ഇന്ത്യയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്നോളജികളാണ് വാഹനത്തിൽ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ പ്രീമിയം സവിശേഷതകൾ വ്യക്തമാക്കുന്ന പുതിയ ടീസർ വീഡിയോ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു. ഹൈഎൻഡ് കാറുകളിൽ മാത്രം കാണുന്ന ഈ ഫീച്ചർ ഗ്ലോസ്റ്ററിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നു കാണിക്കുന്നതിനായാണ് എംജി ഇന്ത്യ വിഡിയോ പുറത്തിറക്കിയത്. വോൾവോ, ജീപ്പ് ചെറോക്കി തുടങ്ങിയ വാഹനങ്ങളിൽ കാണുന്ന ഫ്രണ്ട് കൊളിഷൻ ഡിറ്റക്ഷൻ സിസ്റ്റം, ബെൻസിലും ലാൻഡ് റോവറുകളിലും കാണുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സിസ്റ്റം, ഓട്ടോ പാർക്കിങ് തുടങ്ങി ലക്ഷ്വറി സെഗ്മെന്റുകളിൽ മാത്രം കാണുന്ന ഫീച്ചറുകളും വാഹനത്തിലുണ്ടാകും. 

ഇതുവരെ ഈ ശ്രേണിയില്‍ ആരും നല്‍കിയിട്ടില്ലാത്ത സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് ഈ വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനത്തെ മറ്റ് എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലെ അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ്. അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്) ഇത് വാഹനത്തില്‍ തന്നെ ബാഡ്‍ജ് ചെയ്തിട്ടുണ്ട്. 

അതേസമയം ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി എംജി ഡീലർഷിപ്പുകളിൽ എത്തിയ എംജി ഗ്ലോസ്റ്ററിന്റെ സ്പൈ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങളിൽ നിന്ന് എസ്‌യുവിയുടെ പുറംഭാഗവും അതോടൊപ്പം തന്നെ ഇന്റീരിയർ ക്യാബിനിലും നൽകിയിരിക്കുന്ന നിരവധി സവിശേഷതകളും വെളിപ്പെടുത്തുന്നു.

സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാവും ഗ്ലോസ്റ്റർ. അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവ മാക്‌സസ് ഡി90-യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്. 

എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 218എച്ച്പി കരുത്തും 420 എന്‍എം ടോര്‍ഖും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള 8-സ്പീഡ് അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍റെ അകമ്പടിയോടെ ഈ എൻജിൻ വാഹനത്തിലെത്തിയേക്കാം. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി നിലവില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ.

ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ഗ്ലോസ്‌റ്റർ പ്രീമിയം എസ്‌യുവി വിപണിയിലെത്തും. നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ മുൻവശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകൾ പിൻവശത്തും ഇടംപിടിക്കുന്നു. 

മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ. വാഹനത്തിന്റെ അകത്തളത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഐസ്മാർട്ട് സാങ്കേതികവിദ്യയുള്ള 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ,  പനോരമിക് സൺറൂഫ്, കൂൾഡ് / ഹീറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ  എന്നിവയോടൊപ്പം മറ്റനേകം സവിശേഷതകളും കമ്പനി ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ എം‌ജി മോട്ടോഴ്‍സ് അവതരിപ്പിച്ച ഈ ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി ഇന്ത്യയിലെ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ നിരവധി തവണ പുറത്തുവന്നിരുന്നു.

Follow Us:
Download App:
  • android
  • ios