Asianet News MalayalamAsianet News Malayalam

ചൈനീസ് നാലാമന്‍റെ പരീക്ഷണവും ഇന്ത്യയില്‍ തകൃതി!

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള എംജിയുടെ ഇന്ത്യയിലെ നാലാമത്തെ മോഡലായ ഗ്ലോസ്റ്ററിന്‍റെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ 

MG Gloster premium SUV spied in India
Author
Vadodara, First Published Jul 30, 2020, 11:20 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള എംജിയുടെ ഇന്ത്യയിലെ നാലാമത്തെ മോഡലായ ഗ്ലോസ്റ്ററിന്‍റെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ പുറത്ത്. എം‌ജി ഗ്ലോസ്റ്റർ‌ ഇന്ത്യൻ‌ നിരത്തുകളിൽ ഇതിനോടകം തന്നെ‌ നിരവധി തവണ ടെസ്റ്റ് നടത്തി കഴിഞ്ഞു. ഇപ്പോൾ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനിൽ നിരത്തിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങൾ വഡോദരയിലെ നിരത്തുകളില്‍ നിന്നാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗ്രേയിലും മെറൂൺ റെഡ് കളറുകളിലുമാണ് വാഹനം പരീക്ഷണയോട്ടത്തിന് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഗ്ലോസ്റ്റർ പ്രൊഡക്ഷൻ റെഡി മോഡലാണെന്ന് വ്യക്തമാക്കുന്നു. മുൻ‌വശത്ത് എം‌ജി ലോഗോയുള്ള മൂന്ന് സ്ലാറ്റ് ക്രോം ഗ്രിൽ, എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതോടൊപ്പം എസ്‌യുവിയുടെ മസ്ക്കുലർ ആകർഷണം വർധിപ്പിക്കുന്നതിനായി ഉയർന്ന സെറ്റ് ബോണറ്റ്, ബോഡി ക്ലാഡിംഗ് ഉള്ള ഫ്ലേഡ് വീൽ ആർച്ചുകൾ, മേൽക്കൂര റെയിലുകൾ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്.

വിൻഡോ ലൈൻ ക്രോമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അത് മേൽക്കൂര റെയിലുകളുമായി ചേരുന്നതായി തോന്നുന്നു. പിന്നിൽ ക്രോം ഡോർ ഹാൻഡിലുകളും ഇൻഗ്രെസ് സപ്പോർട്ടിംഗ് ഹാൻഡിലുകളും കാണാം. ഗ്ലോസ്റ്ററിന്റെ പിൻ പ്രൊഫൈൽ സ്പോർട്ടി ശൈലിയിലാണ് ഒരുങ്ങിയിരിക്കുന്നത്. അവിടെ എൽഇഡി ടെയിൽ ‌ലൈറ്റുകളും ക്വാഡ് എക്‌സ്‌ഹോസ്റ്റും ഇടംപിടിച്ചിരിക്കുന്നു.

2020 ഫെബ്രുവരയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ എം‌ജി മോട്ടോഴ്‍സ് അവതരിപ്പിച്ച ഈ ഏഴ് സീറ്റർ പ്രീമിയം എസ്‌യുവിയെ ഈ വർഷം നവംബറോടെ വിപണിയിലെത്തിക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാവും ഗ്ലോസ്റ്റർ. എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 224എച്ച്പിയാണ് കരുത്ത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ‍് ഓട്ടോമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഈ എൻജിൻ വാഹനത്തിലെത്തിയേക്കാം. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി നിലവില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ.

ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ഗ്ലോസ്‌റ്റർ പ്രീമിയം എസ്‌യുവി വിപണിയിലെത്തും. നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ മുൻവശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകൾ പിൻവശത്തും ഇടംപിടിക്കുന്നു. 

മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ. വാഹനത്തിന്റെ അകത്തളത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഐസ്മാർട്ട് സാങ്കേതികവിദ്യയുള്ള 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ,  പനോരമിക് സൺറൂഫ്, കൂൾഡ് / ഹീറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ  എന്നിവയോടൊപ്പം മറ്റനേകം സവിശേഷതകളും കമ്പനി ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആറ് എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്പി, ഒരു ഓട്ടോമാറ്റിക് പാർക്കിംഗ് ഫംഗ്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ഉൾകൊള്ളുന്ന സുരക്ഷാ സംവിധാനങ്ങൾ എം.ജി വാഹനത്തിൽ ഒരുക്കുന്നുണ്ട്. എംജി ഗ്ലോസ്‌റ്റർ ഏഴ് സീറ്റർ എസ്‌യുവിക്ക് ചൈനീസ് വിപണിയിൽ 17 ലക്ഷം മുതൽ 27 ലക്ഷം വരെയാണ് വില. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര ആൾട്രൂറാസ് G4 എന്നീ മുൻനിര മോഡലുകളാണ് ഗ്ലോസ്റ്ററിന്‍റെ എതിരാളികള്‍. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലാണ് ഇപ്പോള്‍ ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‍സ് . 2019 ജൂണില്‍ ഹെക്ടര്‍ എസ്‍യുവിയുമായിട്ടാണ് കമ്പനി ആദ്യം ഇന്ത്യയില്‍ എത്തുന്നത്. കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലും മൂന്നാമന്‍ ഹെക്ടര്‍ പ്ലസിനെ 2020 ജൂലൈയിലുമാണ് അവതരിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios