ഉത്പാദനശേഷിയെക്കാൾ കൂടുതൽ ബുക്കിങ് ലഭിച്ചതിനെ തുടർന്ന് നിര്‍ത്തിവച്ച എം ജി ഹെക്ടറിന്റെ ബുക്കിംഗ് കമ്പനി വീണ്ടും തുടങ്ങുന്നു. ഒക്ടോബർ ഒന്നുമുതൽ വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ അവസാനമാണ് ഹെക്ടറിന്റെ ബുക്കിങ് കമ്പനി താൽക്കാലികമായി നിർത്തിവെച്ച‌ത്. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി.  കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്.  

ജൂൺ 4 നാണ് വാഹനത്തിന്‍റെ ബുക്കിങ് തുടങ്ങിയത്. 1508 യൂണിറ്റുകളാണ് ജൂലായില്‍ മാത്രം വിറ്റഴിച്ചത്. വമ്പന്‍ ബുക്കിങ് ലഭിച്ചതോടെയാണ് കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ ജൂലൈ 19 മുതല്‍ ബുക്കിങ് താത്കാലികമായി കമ്പനി നിര്‍ത്തിയത്. അതുവരെ ഏകദേശം 28000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്. 

ആവശ്യക്കാര്‍ ഉയര്‍ന്നതോടെ സെപ്‍തംബര്‍ മുതല്‍ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്തിയിരുന്നു. നിലവില്‍ ഇത് 2000 യൂണിറ്റായിരുന്നു.  അതുകൊണ്ടാണ് വീണ്ടും ബുക്കിംഗ് തുടങ്ങിയതും. 

നിലവില്‍ ലഭിച്ചിരിക്കുന്ന ബുക്കിങ്ങുകളില്‍  കൂടുതല്‍ ആവശ്യക്കാരും ഉയര്‍ന്ന വകഭേദങ്ങളായ സ്‍മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ്. ഇതില്‍ 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കുന്നു. 

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.  

12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് സ്റ്റൈൽ, സൂപ്പർ, സ്‍മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന വാഹനത്തിന്‍റെ വില. അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.