ചൈനീസ് വാഹന ഭീമന്‍ എസ്എഐസിയുടെ (SAIC) കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ മോഡലായ ഹെക്ടര്‍ പ്ലസിനെ 2020 ജൂലൈ 13നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 13.49 ലക്ഷം മുതൽ 18.54 ലക്ഷം വരെ എക്‌സ്-ഷോറൂം വിലയുമായെത്തിയ 6 സീറ്റർ ഹെക്ടർ പ്ലസിന്റെ വില ഒരു മാസത്തിന് ശേഷം കൂടും എന്ന് ലോഞ്ച് സമയത്ത് തന്നെ എംജി മോട്ടോർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ 46,000 രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ വില എംജി മോട്ടോർ ഇന്ത്യ കൂട്ടിയത്. ഇപ്പോള്‍ പുതുക്കിയ വില നിലവില്‍ വന്നിരിക്കുകയാണ്. 

റെഗുലര്‍ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായി സ്‌റ്റൈല്‍, സൂപ്പര്‍, സ്‍മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്.  2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഹെക്ടര്‍ പ്ലസ്, വിപണിയിലുള്ള ഹെക്ടറിന്റെ മൂന്നുവരി പതിപ്പാണ്. ആറ് സീറ്റ്, ഏഴ് സീറ്റ് ലേ ഔട്ടുകളില്‍ ഈ വാഹനം ലഭ്യമാകും. 

മൂന്നാം നിര സീറ്റുകള്‍ എത്തിയതോടെ വാഹനത്തിന്റെ നീളത്തില്‍ 65 എംഎം വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 4720 എംഎം ആണ് ഹെക്ടര്‍ പ്ലസിന്റെ വലിപ്പം. വീതിയും ഉയരവും റെഗുലര്‍ ഹെക്ടറിന് സമാനമാണ്. മുമ്പുണ്ടായിരുന്ന അഞ്ച് നിറങ്ങള്‍ക്ക് പുറമെ, സ്റ്റാറി ബ്ലു എന്ന പുതിയ നിറത്തിലും ഹെക്ടര്‍ പ്ലസ് നിരത്തുകളില്‍ എത്തും.

മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.