ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അവരുടെ പുതിയ എസ്‌യുവി, എംജി മജസ്റ്റർ, പരീക്ഷണ ഘട്ടത്തിലാണ്. ഗ്ലോസ്റ്ററിന്റെ കൂടുതൽ പ്രീമിയം പതിപ്പായ മജസ്റ്റർ, പുതിയ ഡിസൈൻ സവിശേഷതകളും മെച്ചപ്പെട്ട ഇന്റീരിയറും വാഗ്ദാനം ചെയ്യുന്നു. എഞ്ചിൻ ഓപ്ഷനുകൾ ഗ്ലോസ്റ്ററിന് സമാനമായിരിക്കുമെങ്കിലും, മജസ്റ്റർ ട്വിൻ-ടർബോ എഞ്ചിനും 4x4 കോൺഫിഗറേഷനും മാത്രമേ ലഭ്യമാകൂ.

നുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഷോയിൽ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അപ്‌ഡേറ്റ് ചെയ്ത ഗ്ലോസ്റ്റർ എസ്‌യുവിയെ മജസ്റ്ററായി അനാച്ഛാദനം ചെയ്തു. ഗ്ലോസ്റ്ററിന്റെ കൂടുതൽ പ്രീമിയവും സ്‌പോർട്ടിയറുമായ പതിപ്പാണിത്. അടുത്തിടെ, എംജി മജസ്റ്റർ യാതൊരു മറവുമില്ലാതെ പരീക്ഷണം നടത്തുന്നതിനിടെ ക്യാമറയിൽ കുടുങ്ങി. കറുത്ത പെയിന്റ് സ്‍കീമിലാണ് എംജി മജസ്റ്റർ പരീക്ഷണ മോഡൽ. ഏറ്റവും പുതിയ ദൃശ്യങ്ങൾ ആസന്നമായ ഒരു ലോഞ്ചിനെക്കുറിച്ചുള്ള സൂചന നൽകുന്നു. എങ്കിലും, അതിന്റെ ലോഞ്ച് തീയതിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെയുള്ള എസ്‍യുവികളെ നേരിടാനാണ് എംജി മജസ്റ്റർ എത്തുന്നത്. എംജി മജസ്റ്ററും എംജി ഗ്ലോസ്റ്ററും തമ്മിലുള്ള വ്യത്യാസങ്ങളും സമാനതകളും അറിയാം.

ഡിസൈൻ
കാഴ്ചയിൽ, എം‌ജി മജസ്റ്റർ ഗ്ലോസ്റ്ററിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു. പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ സിഗ്നേച്ചറുകൾ, പുതുക്കിയ ബമ്പറുകൾ, പുതിയ കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബോണറ്റ്, ഫെൻഡറുകൾ, വാതിലുകൾ തുടങ്ങിയ ഷീറ്റ് മെറ്റൽ ഭാഗങ്ങൾ ഗ്ലോസ്റ്ററിന്റേതിന് സമാനമാണ്.

അളവുകൾ
എസ്‌യുവിയുടെ അളവുകൾ എം‌ജി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ആഗോള-സ്പെക്ക് മാക്‌സസ് ഡി 90 മാക്‌സിനെ കണക്കിലെടുക്കുമ്പോൾ, ഇതിന് 5,046 എംഎം നീളവും 2,016 എംഎം വീതിയും 1,876 എംഎം ഉയരവും ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ, മജസ്റ്ററിന് ഗ്ലോസ്റ്ററിനേക്കാൾ 61 എംഎം നീളവും 90 എംഎം വീതിയും 9 എംഎം ഉയരവുമുണ്ടാകും. രണ്ട് മോഡലുകളുടെയും വീൽബേസ് 2,950 എംഎം ആയിരിക്കും.

ഇന്‍റീരിയർ
ഇന്ത്യ-സ്പെക്ക് മജസ്റ്ററിന്റെ ഇന്റീരിയറിൽ പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ഫ്രീ-ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുക്കിയ സെന്റർ കൺസോൾ എന്നിവ ഉൾപ്പെട്ടേക്കാം. ഇതിന്റെ മിക്ക സവിശേഷതകളും ഗ്ലോസ്റ്ററിന്റേതിന് സമാനമായിരിക്കും. ഗ്ലോസ്റ്ററിൽ 6, 7 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനുകളുണ്ടെങ്കിലും, മജസ്റ്റർ സീറ്റിംഗ് ലേഔട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എഞ്ചിൻ
മെക്കാനിക്കലായി രണ്ട് എസ്‌യുവികളും ഒരുപോലെ ആയിരിക്കും. അതായത്, ഗ്ലോസ്റ്ററിന് കരുത്ത് പകരുന്ന അതേ 2.0L ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ തന്നെയായിരിക്കും എംജി മജസ്റ്ററിലും ഉപയോഗിക്കുക. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഈ മോട്ടോർ 375Nm (സിംഗിൾ-ടർബോ) ഉപയോഗിച്ച് 163bhp കരുത്തും 480Nm (ട്വിൻ-ടർബോ) ഉപയോഗിച്ച് 218bhp കരുത്തും നൽകുന്നു.

എസ്‌യുവിയുടെ ട്വിൻ-ടർബോ പതിപ്പ് ഫോർ-വീൽ ഡ്രൈവ് സിസ്റ്റത്തോടെയാണ് വരുന്നത്. ട്വിൻ-ടർബോ എഞ്ചിനും 4X4 കോൺഫിഗറേഷനും മാത്രമേ മജസ്റ്ററിൽ ലഭ്യമാകൂ എന്ന് പ്രതീക്ഷിക്കുന്നു.