Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യന്‍ വിപണിയില്‍ മെച്ചപ്പെട്ട പ്രകടനവുമായി ഈ ചൈനീസ് ഭീമന്‍

2019 ജൂലൈയിൽ വിറ്റ 1,508 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 2,105 യൂണിറ്റാണ് എംജി വിറ്റത്.  മാത്രമല്ല 2020 ജൂൺ മാസത്തിൽ വിറ്റഴിച്ച 2,012 യൂണിറ്റിനെ അപേക്ഷിച്ച് പുരോഗതിയും ഈ മാസത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

MG Motor improves sale in the month of july
Author
New Delhi, First Published Aug 2, 2020, 10:59 PM IST

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യന്‍ വിപണിയില്‍ മെച്ചപ്പെട്ട പ്രകടനവുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോഴ്‍സ്. എം‌ജി മോട്ടോർ ഇന്ത്യ 2020 ജൂലൈയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധന രേഖപ്പെടുത്തി. 2019 ജൂലൈയിൽ വിറ്റ 1,508 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 2,105 യൂണിറ്റാണ് എംജി വിറ്റത്.  മാത്രമല്ല 2020 ജൂൺ മാസത്തിൽ വിറ്റഴിച്ച 2,012 യൂണിറ്റിനെ അപേക്ഷിച്ച് പുരോഗതിയും ഈ മാസത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

വിപണി അന്തരീക്ഷം അനിശ്ചിതത്വങ്ങളുമായി വെല്ലുവിളിയായി തുടരുകയാണെന്നും ഈ വെല്ലുവിളികൾക്കിടയിലും 2020 ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ ഞങ്ങളുടെ ഉൽപാദനം സമാനമായ നിലയിലാണെന്നും ഉത്സവ സീസണിൽ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും എം‌ജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു.

2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‍സ് ഇന്ത്യയിലെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചെത്തിയ എംജി മോട്ടോർസിന് ഇന്ന് ഹെക്‌ടറിന് പുറമെ ZS ഇവി, ഹെക്ടർ പ്ലസ് എന്നിങ്ങനെ മൂന്ന് മോഡലുകൾ ഇന്ത്യൻ ശ്രേണിയിലുണ്ട്.

ഹെക്ടറിന്റെ 6 സീറ്റർ പതിപ്പായ ഹെക്ടര്‍ പ്ലസ് 2020 ജൂലൈ 15 നാണ് പുറത്തിറക്കിയത്. വിപണിയിലുടനീളം ഹെക്ടർ പ്ലസിന് നല്ല പ്രിതകരണം ലഭിക്കുന്നുണ്ടെന്ന് എംജി പറയുന്നു. റഗുലര്‍ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായി സ്‌റ്റൈല്‍, സൂപ്പര്‍ സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളില്‍ എത്തുന്ന ഹെക്ടര്‍ പ്ലസിന് 13.48 ലക്ഷം രൂപ മുതല്‍ 18.53 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതേസമയം എംജിയുടെ ഇന്ത്യയിലെ നാലാമത്തെ മോഡലായ ഗ്ലോസ്റ്ററിന്‍റെ പരീക്ഷണയോട്ടവും രാജ്യത്ത് പുരോഗമിക്കുകയാണ്.

Follow Us:
Download App:
  • android
  • ios