Asianet News MalayalamAsianet News Malayalam

MG Motor India : ഇന്ത്യക്കായി പുതിയ ഇലക്ട്രിക് ക്രോസ് ഓവറുമായി എംജി

ആസ്റ്റര്‍ എസ്‍യുവിയുടെ അവതരണത്തിന് ശേഷമുള്ള കമ്പനിയുടെ അടുത്ത ഉൽപ്പന്നം ഒരു ഇവി ആയിരിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ 

MG Motor India to launch new electric crossover
Author
Mumbai, First Published Dec 10, 2021, 8:37 PM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യ (MG Motor India) അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കായി പുതിയ ഇലക്ട്രിക് വാഹനം (EV - Elecric Vehicle ) പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ മോഡലിന് 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വില വരുമെന്നും പുതിയ മോഡൽ ആഗോള പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് ക്രോസ്ഓവർ വാഹനമായിരിക്കും എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ ഈ വാഹനം കസ്റ്റമൈസ് ചെയ്‌താണ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത എംജി ഇലക്ട്രിക് ക്രോസ്ഓവർ 4 മീറ്ററിൽ താഴെയുള്ള മോഡലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ മോഡലിന് 300 കിലോമീറ്ററിലധികം വൈദ്യുത റേഞ്ച് ലഭിച്ചേക്കും.  നിലവിൽ 60% വിപണി വിഹിതം കൈവശം വച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയായ ടാറ്റ നെക്‌സോൺ ഇവിക്ക് എതിരായാണ് ഈ മോഡല്‍ എത്തുക. ഹ്യുണ്ടായി, മഹീന്ദ്ര, കിയ എന്നിവയും ഇന്ത്യയിൽ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.

ആസ്റ്റര്‍ എസ്‍യുവിയുടെ അവതരണത്തിന് ശേഷമുള്ള കമ്പനിയുടെ അടുത്ത ഉൽപ്പന്നം ഒരു ഇവി ആയിരിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.  അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ MG ഇലക്ട്രിക് ക്രോസ്ഓവറിന് 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് വില, കൂടാതെ വ്യക്തിഗത ഇലക്ട്രിക് മൊബിലിറ്റിയുടെ ബഹുജന വിഭാഗത്തെ ലക്ഷ്യമിടുന്നു.

ഇത് യഥാർത്ഥത്തിൽ ഒരു തരം ക്രോസ്ഓവർ ആണെന്നും ഇത് ഒരു ആഗോള പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും   രാജീവ് ചാബ പറഞ്ഞു. ഇന്ത്യയുൾപ്പെടെ വളർന്നുവരുന്ന എല്ലാ വിപണികളിലും ഇലക്ട്രിക്ക് മോഡലായിട്ടായിരിക്കും ഈ വാഹനം എത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വാഹനം ഇന്ത്യയില്‍ എത്തുമ്പോള്‍ ഇന്ത്യയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതായിരിക്കും എന്നും കമ്പനി ഇപ്പോൾ തന്നെ അതിന്റെ പ്രവർത്തനം ആരംഭിക്കും എന്നും ്ദ്ദേഹം വ്യക്തമാക്കി.

വാഹന മേഖലയ്‌ക്കായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് (പി‌എൽ‌ഐ) സ്കീമിനായുള്ള സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി അതിന്റെ അടുത്ത ഇവിക്കായി ധാരാളം ഭാഗങ്ങൾ പ്രാദേശികമായി നിര്‍മ്മിക്കാനാണ് എം‌ജി മോട്ടോർ ഇന്ത്യയുടെ നീക്കം. ബാറ്ററി അസംബ്ലി, മോട്ടോറുകൾ, മറ്റ് ഭാഗങ്ങളുടെ പ്രാദേശികവൽക്കരണം എന്നിവ ഇതിൽ ഉൾപ്പെടും. MG മോട്ടോർ ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റിയിലെ മറ്റൊരു ഓഫറായ ZS EV 21 ലക്ഷം രൂപയ്ക്കും 24.68 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS, അടുത്തിടെ എത്തിയ ആസ്റ്റര്‍ തുടങ്ങിയവയാണ് നിലവില്‍ എം ജിയുടെ ഇന്ത്യയിലെ വാഹനനിര.  

Follow Us:
Download App:
  • android
  • ios