ജിഎസ്ടി സ്ലാബുകളിലെ പരിഷ്കാരം വാഹന വിലയിൽ ഗണ്യമായ കുറവുണ്ടാക്കി. ഡീലർഷിപ്പുകളിൽ പുതിയ വിലകൾ പ്രദർശിപ്പിക്കുന്ന പോസ്റ്ററുകൾ നിർബന്ധമാക്കിയിട്ടുണ്ട്, ഇതിൽ പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തണം.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ജിഎസ്‍ടി (ചരക്ക് സേവന നികുതി) സ്ലാബുകൾ കേന്ദ്ര സർക്കാർ പരിഷ്‍കരിച്ചത്. ഇതോടെ രാജ്യത്ത് വാഹനങ്ങളുടെ വിലയിൽ വൻ കുറവുണ്ടായി. ഇപ്പോഴിതാ പഴയതും പുതിയതുമായ വിലകളുടെ താരതമ്യം കാണിക്കുന്ന പോസ്റ്ററുകൾ രാജ്യത്തുടനീളമുള്ള എല്ലാ ഡീലർഷിപ്പുകളിലും പ്രദർശിപ്പിക്കണമെന്ന് ഘന വ്യവസായ മന്ത്രാലയം (എംഎച്ച്ഐ) ഓട്ടോമൊബൈൽ കമ്പനികളോടും കാർ നിർമ്മാതാക്കളോടും ഇരുചക്ര വാഹന നിർമ്മാതാക്കളോടും ആവശ്യപ്പെട്ടു. ഇനി മുതൽ കാർ, ബൈക്ക് ഷോറൂമുകൾക്ക് പുറത്ത് ജിഎസ്ടി 2.0 യുടെ പുതിയ വിലകളുള്ള പോസ്റ്ററുകൾ ഒട്ടിക്കേണ്ടിവരും. ഈ പോസ്റ്ററുകളിൽ പഴയതും പുതിയതുമായ വിലകൾ എഴുതണം. ഇതുകൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും പോസ്റ്ററിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയതായും ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു.
ഈ നിർദ്ദേശം സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) വഴി കമ്പനികളെ അറിയിച്ചിട്ടുണ്ട്. പോസ്റ്ററുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഉത്തരവിനുശേഷം, ഓട്ടോമൊബൈൽ കമ്പനികളുടെ ഉദ്യോഗസ്ഥർ ഇപ്പോൾ പോസ്റ്ററുകൾ തയ്യാറാക്കി അംഗീകാരത്തിനായി മന്ത്രാലയത്തിന് അയയ്ക്കുകയാണ്.
സെപ്റ്റംബർ 22 മുതൽ ജിഎസ്ടി 2.0 യുടെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. അതായത് ഇന്ത്യയിൽ ജിഎസ്ടി 2.0 നടപ്പിലാക്കാൻ പോകുന്നു, ഇത് കാറുകളുടെ വിലയെ നേരിട്ട് ബാധിക്കും. പുതിയ നികുതി സമ്പ്രദായത്തിൽ, കാറുകൾക്ക് 18 ശതമാനം, 40 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രമേ നിലനിർത്തിയിട്ടുള്ളൂ. ചെറിയ കാറുകൾക്ക് (1200cc വരെ പെട്രോൾ/സിഎൻജി എഞ്ചിൻ, 1500cc വരെ ഡീസൽ, 4 മീറ്ററിൽ താഴെ നീളം) ഇപ്പോൾ 18% ജിഎസ്ടി മാത്രമേ ഈടാക്കൂ. നേരത്തെ, ഇവയ്ക്ക് 28% ജിഎസ്ടിയും 13% സെസും ഈടാക്കിയിരുന്നു. ഇപ്പോൾ നികുതി 18% ആയി കുറച്ചു. വലുതും ഇടത്തരവുമായ കാറുകൾക്കും എസ്‌യുവികൾക്കും (1500cc ന് മുകളിലുള്ള എഞ്ചിൻ, 4 മീറ്ററിൽ കൂടുതൽ നീളം) ഇപ്പോൾ 40% ജിഎസ്ടി ഈടാക്കും. നേരത്തെ, ഇവയ്ക്ക് 28% ജിഎസ്ടിയും 1522% സെസും ഈടാക്കിയിരുന്നു. അതായത് ഈ വിഭാഗത്തിലും നികുതി 510% കുറഞ്ഞു.
മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട, കിയ തുടങ്ങിയ പ്രമുഖ കാർ കമ്പനികൾ ജിഎസ്ടി നിരക്ക് കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ എല്ലാ കാർ മോഡലുകളുടെയും വില കുറഞ്ഞു.
ഇന്ത്യയിൽ ജിഎസ്ടി 2.0 നടപ്പിലാക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾക്കും വില കുറയും. സർക്കാർ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്, ഇതുമൂലം ചെറിയ സ്കൂട്ടറുകളും ബൈക്കുകളും സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയായി മാറി. അതേസമയം പ്രീമിയം, ഉയർന്ന നിലവാരമുള്ള ബൈക്കുകൾ വിലയേറിയതായി മാറിയിരിക്കുന്നു. പുതിയ സംവിധാനത്തിൽ, 350 സിസി വരെയുള്ള ബൈക്കുകൾക്കും എല്ലാ സ്കൂട്ടറുകൾക്കും 18% ജിഎസ്ടി മാത്രമേ ഈടാക്കൂ. നേരത്തെ, ഇവയ്ക്ക് ഏകദേശം 31% നികുതി (28% ജിഎസ്ടി + മൂന്ന് ശതമാനം സെസ്) നൽകേണ്ടി വന്നിരുന്നു. 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ നികുതി 40 ശതമാനം ആയി ഉയർത്തി. നേരത്തെ, ഇവയ്ക്ക് ഏകദേശം 31 ശതമാനം നികുതി ചുമത്തിയിരുന്നു.
