തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പൈലറ്റ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കഴിഞ്ഞദിവസം രാവിലെ 11.30 ഓടെ  പോത്തന്‍കോട് നന്നാട്ടുകാവ് ജംഗ്ഷനു മുമ്പ് പള്ളിനട ഇറക്കത്തിലായിരുന്നു അപകടം.  ചാത്തൻപാട് കുഴിവിള വീട്ടിൽ ഷമീർ ( 20 ), താഹീർ ( 21) എന്നിവർക്കാണ് പരുക്കേറ്റത്. 

കന്യാകുളങ്ങര ഗവ. ഗേൾസ് ഹൈസ്‍കൂളിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കാനായി പോകുകയായിരുന്നു മന്ത്രി. എതിർ ദിശയിൽ വരുകയായിരുന്ന ബൈക്ക് അതേദിശയിലുള്ള മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് പൈലററ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പൈലറ്റ് ജീപ്പിന്‍റെ ഇടതുഭാഗത്താണ് ബൈക്കിടിച്ചത്.  അമിതവേഗത്തിൽ ബൈക്ക് വരുന്നതു കണ്ട് ജീപ്പിന്റെ വേഗം പെട്ടെന്ന് കുറച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തുടര്‍ന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി പൈലറ്റ് വാഹനത്തിൽ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. രണ്ടുപേരെയും മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്‍സീറ്റ് യാത്രികനായ ഷമീറിനാണ് അപകടത്തില്‍ കൂടുതൽ പരുക്ക്. ബൈക്കോടിച്ചയാൾക്കെതിരെ അമിതവേഗത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ട്.