പജേറോ എസ്‌യുവി വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷി. ജപ്പാനിൽ എസ്‌യുവി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതിനാലാണ് വാഹനത്തിന്റെ നിർമാണം നിർത്തുന്നത്.

ജപ്പാനിലെ ആറാമത്തെ വലിയ വാഹന നിർമാതാക്കളായ മിത്സുബിഷി നിലവില്‍ 1.3 ബില്യൺ ഡോളറിന്റെ നഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതുമൂലം കമ്പനി ഉൽ‌പാദനം കുറയ്ക്കാനും ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കാനും ലാഭമല്ലാത്ത ഡീലർഷിപ്പുകൾ അടയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ്.

പുനരുധാരണ പദ്ധതിയുടെ ഭാഗമായി, മിത്സുബിഷി വടക്കേ അമേരിക്ക, യൂറോപ്പ്, ലാഭമല്ലാത്ത മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സാന്നിധ്യം കുറയ്ക്കുകയും ഏഷ്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

മോണ്ടെറോ എന്നറിയപ്പെടുന്ന നിലവിലെ തലമുറ മിത്സുബിഷി പജെറോയ്ക്ക് 2015 -ലാണ് അവസാനമായി ഫെയ്‌സ്‌ലിഫ്റ്റ്‌ ലഭിച്ചത്. ഇപ്പോഴും ഓസ്‌ട്രേലിയ പോലുള്ള വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍ തെക്ക്-കിഴക്കൻ ഏഷ്യൻ വിപണികളിൽ അടുത്തിടെ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പായ പജെറോ സ്‌പോർട്ട് ഈ വാഹനത്തില്‍ നിന്നും വ്യത്യസ്‍തമാണ്.