സ്വയം ഓടുന്ന ഇലക്ട്രിക്ക് ട്രാക്​ടറുകളുമായി ട്രാക്ടര്‍ നിര്‍മ്മാതാക്കളായ മൊണാര്‍ക്ക്. ഫാം വാരിയര്‍ എന്ന അത്യാധുനിക ട്രാക്ടറാണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബിസിനസ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ​

പരമ്പരാഗത ഡീസൽ ട്രാക്ടറുകൾക്ക് ബദലായാണ്​ സീറോ എമിഷൻ ട്രാക്​ടറുകൾ മൊണാർക്ക്​ നിർമിച്ചിരിക്കുന്നത്​. പരമ്പരാഗത ഡീസൽ ട്രാക്ടറുകൾ ശരാശരി കാറിനേക്കാൾ 14 ഇരട്ടി കാര്‍ബണ്‍ പുറന്തള്ളുന്നു. എന്നാല്‍ മോണാർക്ക് ഫാം വാരിയർ  ട്രാക്ടർ 100 ശതമാനം ഇലക്ട്രിക് ആണ്. മാത്രമല്ല നിരവധി സുരക്ഷാ സംവിധാനങ്ങളും സവിശേഷതകളും ഫാം വാരിയറിനെ വേറിട്ടതാക്കുന്നു. 

ഓട്ടോണമസ്​ ഡ്രൈവിങ്ങാണ്​ ഇതിൽ പ്രധാനം.  മോണാർക്ക് ട്രാക്ടറിന് ഒരു ഡ്രൈവർ ഉപയോഗിച്ചോ അല്ലാതെയോ പ്രവർത്തിക്കാൻ കഴിയും ഡ്രൈവർ-അസിസ്റ്റ്, ഡ്രൈവർ-ഓപ്ഷണൽ പ്രവർത്തനങ്ങൾ നൽകുന്നതിന് കമ്പനി ഏറ്റവും പുതിയ സ്വയം നിയന്ത്രിത ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഒരു ഡ്രൈവർ ഇല്ലാതെ ട്രാക്ടറിന് പ്രീ-പ്രോഗ്രാം ചെയ്ത ജോലികൾ ചെയ്യാൻ കഴിയും.  അതായത് കൃഷിയിടങ്ങളിലൂടെ ഈ ട്രാക്ടര്‍ സ്വയം ഓടും. നാവിഗേഷൻ സവിശേഷത ഉപയോഗിച്ച്​ മാപ്പ്​ ചെയ്​ത്​ വാഹനം പ്രവർത്തന സജ്ജമായാൽ ഫാം വാരിയർ നിലം സ്വയം നിലം ഉഴുതാൻ തുടങ്ങും. ഒരു സ്​മാർട്ട്ഫോൺ ഉപയോഗിച്ച്​ ഈ ട്രാക്​ടർ കൈകാര്യം ചെയ്യാം. കൃഷി കൂടാതെ മോണാർക്ക് ട്രാക്ടർ ഒരു ഓൾ-ടെറൈൻ വെഹിക്കിൾ (എടിവി)  ആയും ഉപയോഗിക്കാം. മാത്രമല്ല കൃഷിയിടത്തില്‍ ഒരു ജനറേറ്ററായും ഈ വാഹനത്തെ ഉപയോഗിക്കാം. 

55 കിലോവാട്ട് മോട്ടോർ ആണ് ട്രാക്ടറിന്‍റെ ഹൃദയം​. ഫുൾ ചാർജ്​ ചെയ്​താൽ 10 മണിക്കൂറിൽ കൂടുതൽ ട്രാക്​ടർ പ്രവർത്തിപ്പിക്കാൻ കഴിയും. 70 എച്ച്പി പവർ ആണ്​ വാഹനത്തിനുള്ളത്​. ഒരുപ്രാവശ്യം പൂർണമായി റീചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർവരെയെടുക്കും.  കൂട്ടിയിടികളുടെ സാധ്യത ലഘൂകരിക്കുന്നതിന് 360 ഡിഗ്രി ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്​. സെൻറർ കൺസോളിലെ ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്​. അപകടഭീതിയില്ലാതെ കൃഷിയിടങ്ങളിൽ പ്രവർത്തിപ്പിക്കാനാവുമെന്നതിനാൽ സ്വയം ഓടുന്ന ട്രാക്​ടറുകൾക്ക്​ വലിയ സാധ്യതയാണുള്ളത്​. 

ഫാം വാരിയറിന്​ ഓരോ ദിവസവും 240 ജിബി ക്രോപ്പ് ഡാറ്റ ശേഖരിക്കാനും സംഭരിക്കാനും വിശകലനം ചെയ്യാനും കഴിയും.  തത്സമയ നടപ്പാക്കൽ ക്രമീകരണങ്ങൾക്കും ദീർഘകാല വിളവ് എസ്റ്റിമേറ്റുകൾക്കും നിലവിലെ വളർച്ചാ ഘട്ടങ്ങൾക്കും മറ്റ് സസ്യ / വിള ആരോഗ്യ അളവുകൾക്കും ഉപയോഗിക്കാവുന്ന നിർണായക ഡാറ്റ പോയിന്റുകൾ നൽകുന്നതിന് സെൻസറുകളും ഇമേജിംഗും പ്രോസസ്സ് ചെയ്യുന്നു. മെഷീൻ ലേണിംഗ് പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ ഡാറ്റ ആഗിരണം ചെയ്യാനും ഫീൽഡ് ആരോഗ്യത്തെക്കുറിച്ച് ദീർഘകാല വിശകലനം നൽകാനും മോണാർക്ക് ട്രാക്ടറിന് കഴിയും. കൂടാതെ, ശേഖരിച്ച ഡാറ്റ  സുരക്ഷിതമായി സൂക്ഷിക്കാനുമാകും. നിലവിൽ അമേരിക്കയിൽ പുറത്തിറക്കിയ ഫാം വാരിയറി​ന്‍റെ വില 50,000 ഡോളർ അഥവാ 36.50 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൃഷിക്കാരന്റെ നിലവിലുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ ഉൽപാദനക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും പരമാവധി വരുമാനം നൽകുന്നതിനുമൊക്കെ ഈ ട്രാക്ടര്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു. അഭൂതപൂർവമായ ഇന്റലിജൻസ്, സാങ്കേതികവിദ്യ, സുരക്ഷാ സവിശേഷതകൾ എന്നിവ ഉപയോഗിച്ച് കൃഷിയുടെ ഡിജിറ്റൽ പരിവർത്തനത്തിന് മോണാർക്ക് ട്രാക്ടർ  ശ്രമിക്കുന്നതായി മോണാർക്ക് ട്രാക്ടറിന്റെ സഹസ്ഥാപകനും സിഇഒയുമായ പ്രവീൺ പെൻമെറ്റ്സ വ്യക്തമാക്കുന്നു.