Asianet News MalayalamAsianet News Malayalam

ഇനി ആംബുലന്‍സുകളുടെ വഴി മുടക്കിയാല്‍ പിഴ പതിനായിരം!

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും ആംബുലന്‍സുകളുടെ വഴി തടസപ്പെടുത്തിയാലും മദ്യപിച്ച് വാഹനം ഓടിച്ചാലും 10000 രൂപ വീതം പിഴ 

Motor Vehicle Amendment Bill Follow Up
Author
Delhi, First Published Jun 25, 2019, 12:32 PM IST

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരുന്നു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ ഉള്‍പ്പെടെയുള്ള ഭേദഗതികളുമായാണ് നിയമം കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്.പുതുക്കിയ  ഈ ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു. 

ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും പുതിയ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും ആംബുലന്‍സുകളുടെ വഴി തടസപ്പെടുത്തിയാലും മദ്യപിച്ച് വാഹനം ഓടിച്ചാലും 10000 രൂപ വീതം പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. 18 സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാരുടേതാണ് ഈ ഭേദഗതി നിര്‍ദ്ദേശങ്ങള്‍. 

ട്രാഫിക് നിയം ലംഘനത്തിനുള്ള പിഴകള്‍​

  • അപകടകരമായി വണ്ടിയോടിച്ചാല്‍  - 5000
  • ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ - 5000 
  • അമിത വേഗം - 1000-2000
  • സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000
  • മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ - 5000
  • മദ്യപിച്ച് വാഹനം ഓടിച്ചാല്‍  - 10000
  • ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ - 2000
  • ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 1000, മൂന്നുമാസം ലൈസന്‍സ് സസ്‍പെന്‍ഷന്‍

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍

  • പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും
  • വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം. 
  • അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
  • പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
  • അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
  • ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുമ്പും ശേഷവും പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ
  • അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
  • നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.

സെലക്ട് പാനലിനു വിട്ടിരിക്കുകയായിരുന്നു 2017ല്‍ ലോക് സഭ പാസാക്കിയ ഈ ബില്‍. 

Follow Us:
Download App:
  • android
  • ios