മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുതുക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കുമെന്ന് കേന്ദ്രം. ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്. 

ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ വാഹന രേഖകളുടെ സാധുത ഇപ്പോൾ സെപ്റ്റംബർ അവസാനം വരെയാണ് നീട്ടിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടുമാസത്തിലേറെ നീണ്ടുപോയതിനെ തുടര്‍ന്നാണ് സമയം നീട്ടി നല്‍കുന്നതെന്നാണ് സൂചന. ഫെബ്രുവരി ഒന്നിനുശേഷം കാലാവധി അവസാനിച്ച രേഖകള്‍ പുതുക്കുന്നതിനാണ് ഈ സാവകാശമൊരുക്കുന്നത്. 

പെർമിറ്റുകൾ, ഫീസ്, ടാക്സ്, അല്ലെങ്കിൽ പിഴ എന്നിവയുടെ ആവശ്യകതയിൽ ഇളവ് വരുത്തുന്നതിനായി 1988 -ലെ മോട്ടോർ വാഹന ആക്ട് പ്രകാരമുള്ള വ്യവസ്ഥകൾ പരിഗണിക്കാൻ ഈ പ്രസ്താവന എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

വാഹന രേഖകൾക്കായി സർക്കാർ ഇത് മൂന്നാം തവണയാണ് സമയം നീട്ടി നല്‍കുന്നത്. രേഖകള്‍ പുതുക്കുന്നതിനും മറ്റുമായി ആളുകള്‍ കൂട്ടത്തോടെ ബന്ധപ്പെട്ട ഓഫീസുകളിലെത്തുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രേഖകള്‍ പുതുക്കുന്നതിനുള്ള സമയം മേയ് 31 വരെയാണ് നീട്ടിയത്. അതിനുശേഷം ജൂണ്‍ 30-ലേക്കും പിന്നീട് ജൂലായിയിലേക്കും നീട്ടിയിരുന്നു.