ഓട്ടോ കൺസൾട്ടന്റ് ഏജന്റായ തിരുമല സ്വദേശിയാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ കൈ പിടിച്ച് തിരിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തത്.

ചേര്‍ത്തല: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഏജന്റ് മര്‍ദ്ദിച്ച സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. ചേര്‍ത്തല ജോയിന്റ് ആർടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ജി ബിജുവിനെ ഓട്ടോ കൺസൾട്ടന്റ് ഏജന്റ് തുറവൂർ തിരുമലഭാഗം പുത്തൻതറ തമ്പിയാണ് ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസപ്പെടുത്തിയെന്നും മർദ്ദിച്ചുവെന്നും ആരോപിച്ച് ചേർത്തല ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ഓഫിസിനുള്ളിലെ കൗണ്ടറിന് സമീപം നിന്നു ഫോമുകള്‍ പൂരിപ്പിക്കുകയായിരുന്ന തമ്പിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനാൽ മൊബൈല്‍ ഫോണില്‍ പടമെടുത്ത കെ ജി ബിജുവിന്റെ കൈ പിടിച്ച് തിരിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും പിടിച്ചു തള്ളുകയുമായിരുന്നെന്നും ഓഫിസിലെത്തുന്നവര്‍ക്ക് തടസമായി നിന്നതിനാലാണ് തമ്പിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നും കെ ജി ബിജുവിന്റെ പരാതിയിൽ പറയുന്നു.

അതേസമയം തമ്പിയും ഇതേ ആശുപത്രിയിൽ തന്നെ ബിജു മർദ്ദിച്ചെന്ന അടിസ്ഥാനത്തിൽ അഡ്മിറ്റായിട്ടുണ്ട്. ബിജുവിന്റെ ചില പ്രവർത്തികൾക്കെതിരെ കഴിഞ്ഞ ദിവസം ഏജന്റ് ട്രാൻസ്പോർട്ട് കമ്മീഷൻ ഓഫീസിൽ പരാതി നൽകിയെന്നും അതിന്റെ ദേഷ്യത്തിലാണ് തന്നെ മർദിച്ചതെന്നും തമ്പിയും പരാതിപ്പെട്ടു. ആർ ടി ഒ ഓഫീസുകളുടെ നിയന്ത്രണം ഏജൻറുമാരുടെ കൈകളിലാണെന്നും ആക്ഷേപം ഉണ്ട്.