കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ലോക്ക് ഡൗണിനുശേഷം നിരത്തില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. 

പൊതു വാഹനങ്ങളില്‍ ഏസി അനുവദിക്കരുത്, ഡ്രൈവറും ജീവനക്കാരും യാത്രക്കാരും മാസ്‌ക് ഉപയോഗിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങളെന്നാണ് സൂചന. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട നമ്പരുകളില്‍ അവസാനിക്കുന്ന വാഹനങ്ങളെ മാത്രമേ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കാവൂ. ഇങ്ങനെ സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണം. കാറുകളുടെ മുന്‍സീറ്റില്‍ ഡ്രൈവറും പിന്നില്‍ രണ്ട് യാത്രക്കാരെയും മാത്രമേ അനുവദിക്കാവൂ. ഏസി ഉപയോഗിക്കരുത്. ഗ്ലാസുകള്‍ താഴ്ത്തിയിടണം. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ പിന്നില്‍ ആളെ കയറ്റരുത്. ഒപ്പം ഫുള്‍വൈസര്‍ ഹെല്‍മെറ്റ് ഉപയോഗിക്കുകയും വേണം. 

അന്തര്‍ സംസ്സ്ഥാന വാഹനങ്ങള്‍ ചെക്ക്‌ പോസ്റ്റുകളിലും മറ്റുള്ളവ യാത്ര കഴിഞ്ഞും അണുവിമുക്തമാക്കണം. ഈ ബസുകളിലെ യാത്രക്കാരുടെ മുഴുവന്‍ വിവരങ്ങളും വെബ് അധിഷ്ഠിത ഡേറ്റാബേസില്‍ ശേഖരിക്കണം. യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ ശേഖരിച്ച് സഞ്ചാരപാത ഗൂഗിള്‍ ഹിസ്റ്ററിയിലൂടെ പരിശോധിക്കണം.യാത്രക്കാര്‍ ബസില്‍ കയറുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. ബസുകളില്‍ കര്‍ട്ടന്‍, കിടക്കവിരികള്‍, ഭക്ഷണവിതരണം എന്നിവ പാടില്ലെന്നും ശുപാര്‍ശയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പനി, ചുമ, ജലദോഷം എന്നീ രോഗങ്ങളുള്ളവരെ പൊതുവാഹനങ്ങളില്‍ കയറ്റരുത്. യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. ബസുകളില്‍നിന്നുള്ള യാത്ര അനുവദിക്കരുത്. യാത്രക്കാര്‍ പിന്‍വശത്തെ വാതിലിലൂടെ കയറുകയും മുന്നിലെ വാതിലിലൂടെ ഇറങ്ങുകയും വേണം. 

യാത്ര തടഞ്ഞിട്ടുള്ള മേഖലയില്‍നിന്നാണോ എത്തുന്നതെന്ന് കണ്ടെത്താന്‍ കഴിയണം. ഇതിനായി യാത്രക്കാരുടെ വിവരശേഖരണത്തിന് ചെക്‌ക് പോസ്റ്റുകളില്‍ സംവിധാനം ഏര്‍പ്പെടുത്തണം. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തവരുടെ യാത്ര തടയണം. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് പിഴ ചുമത്തണം. യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതുകൊണ്ടുള്ള നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്നും ശുപാര്‍ശയില്‍ ഉണ്ടെന്നാണ് സൂചനകള്‍. 

ഒപ്പം ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പുനരുപയോഗിക്കാന്‍ കഴിയുന്ന മുഖാവരണങ്ങള്‍ നല്‍കണമെന്നും ബസ്, ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും ശുപാര്‍ശയുണ്ട്. ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ച് അവധിദിനങ്ങള്‍ കൂട്ടുകയും ഓഫീസുകളുടെ സമയം പുനഃക്രമീകരിച്ച് പൊതുസ്ഥലങ്ങളില്‍ യാത്രക്കാര്‍ കൂടുന്നത് ഒഴിവാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.