സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായ ഒരു മോഡിഫൈഡ് വാഹനമാണ്  ബാബ്‍സ് മോൺസ്റ്റർ ട്രക്ക് എന്നു പേരുള്ള ഈ വാഹനം. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇസുസു ഡി-മാക്സ് വി-ക്രോസ്സ് പിക്ക് അപ്പിനെ മോഡിഫൈ ചെയ്‍തതാണ് ഈ മോൺസ്റ്റർ ട്രക്ക് . 

എന്നാല്‍ ഈ വണ്ടിയുടെ രജിസ്ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്.  അനധികൃത മോഡിഫിക്കേഷനെ തുടര്‍ന്നാണ് KL 17 R 80 എന്ന നമ്പറിലുള്ള വാഹനത്തിന്‍റെ രജിസ്ട്രേഷൻ താല്ക്കാലികമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. പിഴയക്ക് പുറമേയാണ് ഈ തീരുമാനം. 

മോട്ടോർ വാഹന നിയമം സെക്ഷൻ 53 (1) പ്രകാരം മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടേതാണ് നടപടി എന്ന് മോട്ടോര്‍വാഹന വകുപ്പ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. ആറ് മാസം അല്ലെങ്കിൽ അനധികൃത മാറ്റങ്ങൾ ഒഴിവാക്കി വാഹനം പരിശോധനക്ക് ഹാജരാക്കുന്നത് വരെ, ഏതാണോ ആദ്യം അതു വരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ വാഹനം പൊതു നിരത്തിൽ ഉപയോഗിക്കാൻ കഴിയില്ല. ആറ് മാസത്തിനുള്ളിൽ വാഹനത്തിലെ അനധികൃത മാറ്റങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 54 പ്രകാരം രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കും. മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 

6-ഇഞ്ച് ലിഫ്റ്റ് കിറ്റ് ആണ് ബാബ്സ് മോൺസ്റ്റർ ട്രാക്കിൽ വരുത്തിയിരിക്കുന്ന പ്രധാന മാറ്റം. ഇതോടൊപ്പം വലിപ്പമേറിയ ടയറുകളും, എയർ1 പെർഫോമൻസ് സസ്പെൻഷനും കൂടെ ചേർന്നപ്പോൾ വാഹനത്തിന്റെ ഉയരം ക്രമാതീതമായി ഉയർന്നു. ഏറെക്കുറെ ഒരു ട്രാക്കിന്റെ ഉയരം ഈ വാഹനത്തിന് ഇപ്പോഴുണ്ട്. 16-ഇഞ്ച് ലെൻസോ റിമ്മുകൾക്ക് സ്‌പെയ്‌സർ ചേർത്ത് കൂടുതൽ വീതി കൂട്ടിയിട്ടുണ്ട്. സ്റ്റീലിൽ പ്രത്യേകം തയ്യാറാക്കിയ വലിപ്പമേറിയ ബമ്പറുകൾ, ധാരാളം ആഫ്റ്റർ മാർക്കറ്റ് ലാമ്പുകൾ എന്നിവയും ഈ വാഹനത്തിന്റെ ഭാഗമാണ്.

12 ഇഞ്ച് വലുപ്പമുള്ള ലിഫ്റ്റ് കിറ്റ് ഇതിന് ലഭിക്കുന്നു. സ്റ്റീൽ പൈപ്പുകൾ, വൈഡ് ബോഡി കിറ്റ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കസ്റ്റമൈസ്ഡ് ഫ്രണ്ട് ബമ്പർ ഉൾപ്പെടെയുള്ള അനന്തര വിപണന ഭാഗങ്ങളും വാഹനത്തിലുണ്ട്.  അതേസമയം വാഹനത്തിന്‍റെ എൻജിനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. 3,600 ആർപിഎമ്മിൽ 134 ബിഎച്ച്പി കരുത്തും 1,800 മുതൽ 2,800 ആർപിഎം വരെ 320 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇസുസു ഡി-മാക്സ് വി-ക്രോസിന്റെ സ്റ്റോക്ക് എൻജിൻ. 

പ്രദേശത്തെ പല ആഘോഷ പരിപാടികളിലും ഉത്സവങ്ങളിലും കോളേജുകളിലുമൊക്കെ ഈ വാഹനം ഒരു പതിവ് അതിഥിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടപടിയെ അനുകൂലിച്ചും എതിര്‍ത്തുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ രംഗത്തുണ്ട്.