Asianet News MalayalamAsianet News Malayalam

പൈലറ്റ് പോലും അറിയാതെ ശത്രു മിസൈലുകളെ 'ജാമാ'ക്കും; ആ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്!

ശത്രുവിന്റെ റഡാര്‍ ഫ്രീക്വന്‍സി ജാം ചെയ്‍ത് ശത്രു മിസൈലുകളുടെ നിയന്ത്രണ സംവിധാനമുള്ള വിമാനം. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഈ ബോയിംഗ് 777വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങാന്‍ ഒരുങ്ങുന്നു

New Aircraft Boeing 777 For Prime Minister Modi Will Arrive In September In India
Author
Delhi, First Published Aug 23, 2020, 10:28 AM IST

ദില്ലി: പ്രധാനമന്ത്രി, രാഷ്ട്രപതി ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പട്ടെ ഭരണ നേതാക്കള്‍ക്ക് സഞ്ചരിക്കാനായി ഇന്ത്യ പുത്തന്‍ വിമാനങ്ങള്‍ വാങ്ങുന്നതായി കേട്ടു തുടങ്ങിയിട്ട് വര്‍ഷം ഒന്നായി. ഇപ്പോഴിതാ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഈ ബോയിംഗ് 777വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങാന്‍ ഒരുങ്ങുകയാണ്. വാങ്ങല്‍ നടപടികളുടെ അന്തിമഘട്ടത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിഐപി സുരക്ഷാ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവർ ഉള്‍പ്പെട്ട പ്രത്യേക സംഘം അമേരിക്കയിലേക്ക് പോയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസം ഈ വിമാനങ്ങള്‍ രാജ്യത്ത് എത്തും എന്നാണ് വിവരം. 

സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്  സജ്ജീകരിച്ച രണ്ട് ബി777 വിമാനങ്ങളാണ് ബോയിംഗ് സെപ്റ്റംബറില്‍ എയര്‍ ഇന്ത്യക്ക് കൈമാറുക. കഴിഞ്ഞ വര്‍ഷം അവസാനം കൈമാറുമെന്നായിരുന്നു തീരുമാനം. ജൂലായില്‍ വിമാനം ഉന്നതര്‍ക്കായി ഉപയോഗിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനത്തോടെ വിമാനം കൈമാറുന്നത് വൈകുകയായിരുന്നു.

എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസ് ലിമിറ്റഡ് തന്നെയായിരിക്കും വിമാനം കൈകാര്യം ചെയ്യുക. നിലവില്‍ എയര്‍ ഇന്ത്യ ബി747 വിമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും ഇപ്പോള്‍ സഞ്ചരിക്കുന്നത്. വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ അത്യാധുനിക സുരക്ഷാ സംവിധാനമുള്ള വിമാനങ്ങള്‍ വേണമെന്ന് 2019ലാണ് കേന്ദ്രം തീരുമാനിച്ചത്. തുടര്‍ന്നാണ് ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് ആന്‍ഡ് സെല്‍ഫ് പ്രൊട്ടക്ഷന്‍ സുരക്ഷാ സംവിധാനമുള്ള രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. 

അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഈ വിമാനങ്ങളുടെ പരിപാലനച്ചുമതല എയര്‍ ഇന്ത്യയുടെ എന്‍ജിനിയറിങ് വിഭാഗമായ എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ് ലിമിറ്റഡിനാണ്. വ്യോമസേനയിലെ പൈലറ്റുമാരായിരിക്കും പറത്തുക.  നിലവില്‍ എയര്‍ ഇന്ത്യ വണ്‍ എന്ന് അറിയപ്പെടുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനങ്ങളിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും യാത്രചെയ്യുന്നത് . എന്നാല്‍ വ്യോമസേന പറത്തുന്ന പുതിയ വിമാനങ്ങള്‍ 'എയര്‍ ഫോഴ്‌സ് വണ്‍' എന്നാകും അറിയപ്പെടുക.

ഈ പുതിയ വിമാനങ്ങള്‍ ഇന്ത്യക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്‍തതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് എന്നു വിളിക്കുന്ന അത്യാധുനിക മിസൈല്‍ പ്രതിരോധസംവിധാനം ഇവയിലുണ്ടാകും. മിസൈലുകളില്‍നിന്ന് സുരക്ഷ നല്‍കാനുള്ള സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്‌സുമുണ്ടാകും. ശത്രുവിന്റെ റഡാര്‍ ഫ്രീക്വന്‍സി ജാം ചെയ്‍ത് ശത്രു മിസൈലുകളുടെ നിയന്ത്രണ സംവിധാനം നശിപ്പിക്കുന്ന സംവിധാനമാണിത്. ശത്രു മിസൈലിനെ ജാം ചെയ്‍ത വിവരം പൈലറ്റിനെ അറിയിക്കുകയും ചെയ്യും. ഇൻഫ്രാറെഡ് സെൻസറുകളാണു മിസൈലിന്റെ ദിശ മനസ്സിലാക്കുക. വിമാനത്തിൽ നിന്നു പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങൾ മിസൈലുകളുടെ ഗതി മാറ്റും. ഇന്ധനം തീര്‍ന്നാല്‍ ആകാശത്ത് വച്ചു തന്നെ നിറയ്ക്കാനും കഴിയും. 19 കോടി ഡോളര്‍ (ഏകദേശം 1350 കോടി രൂപ)യാണ് ചെലവ്. 

പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും ഈ വിമാനങ്ങള്‍ പറത്തുക. പുതിയ വിമാനങ്ങള്‍ പറത്താന്‍ വ്യോമസേനയിലെ ചില പൈലറ്റുമാരെ അമേരിക്കന്‍ കമ്പനിയായ ബോയിങ് പരിശീലിപ്പിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡാകും വിമാനത്തിന്റെ പരിപാലന ചുമതല. 

Follow Us:
Download App:
  • android
  • ios