തിരുവനന്തപുരം: സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരില്‍ നിന്നേറ്റ ക്രൂരമര്‍ദ്ദനത്തിന്‍റെ നടുക്കം മലയാളി യാത്രികര്‍ അടുത്തൊന്നും മറക്കാനിടയില്ല. സോഷ്യല്‍ മീഡിയയുടെ ശക്തമായ ഇടപെടലാണ് ഈ ക്രൂരതയെ പുറംലോകത്ത് എത്തിച്ചതും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണുതുറപ്പിക്കുന്നതും. ശക്തമായ സര്‍ക്കാര്‍ നടപടികളുടെ വാര്‍ത്തകളാണ് ഇപ്പോള്‍ ഓരോദിവസവും പുറത്തു വരുന്നത് യാത്രികര്‍ക്ക് ഒരുപരിധി വരെ ആശ്വാസം നല്‍കുന്നുണ്ട്.

അന്തർ സംസ്ഥാന  സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ‌് നിറയെ കർശന നിബന്ധനകളാണ്. സംഭവങ്ങളുടെ ചൂടൊന്ന് അടങ്ങുമ്പോള്‍ പഴയരീതി തന്നെ തുടരാമെന്ന ബസ് മുതലാളിമാരുടെ വ്യാമോഹം ഇനി നടക്കില്ലെന്ന് ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഈ സർക്കുലറിലെ നിബന്ധനകള്‍ വ്യക്തമാക്കുന്നു. ബസ് മുതലാളിമാരുടെ കുതന്ത്രങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന ആ നിബന്ധനകളെന്തൊക്കെയെന്ന് യാത്രക്കാരും വ്യക്തമായി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അവ എന്തൊക്കെയാണെന്ന് വിശദമായി മനസിലാക്കാം. 

ക്രിമിനല്‍ പശ്ചാത്തലം
ക്രിമിനൽ പശ്ചാത്തലമുള്ളവരെ വാഹനങ്ങളിൽ ജീവനക്കാരാക്കാൻ പാടില്ല. 18 വയസ്സുകഴിഞ്ഞ ക്രിമിനൽ പശ്ചാതലം ഇല്ലാത്തവർക്ക് മാത്രമേ ലൈസൻസ് നൽകുകയുളളൂ. ഏജൻസി ലൈസൻസ് ലഭിക്കണമെങ്കിൽ പൊലീസിന്‍റെ വെരിഫിക്കേഷന്‍ സർട്ടിഫിക്കറ്റും ഇനി ഹാജരാക്കണം. 

ലൈസന്‍സ് വിവരങ്ങള്‍
ഏജൻസി ലൈസൻസിൻറെ പൂർണ വിവരങ്ങള്‍ ഓഫീസിനു മുമ്പിൽ പ്രദർശിപ്പിക്കണം. ടിക്കറ്റിൽ ബസ് ജീവനക്കാരുടെ വിവരങ്ങളും മോട്ടോർ വാഹന ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നമ്പറും ഉണ്ടാകണം. മാത്രമല്ല സർവീസ‌് നടത്താൻ ആവശ്യമായ സാമ്പത്തിക പശ്ചാത്തലം ഏജൻസിക്ക‌് ഉണ്ടോയെന്നും പരിശോധിക്കും.

സിസിടിവി വേണം, വിശ്രമ കേന്ദ്രവും
ബുക്കിങ‌്  ഓഫീസുകളിൽ സിസിടിവി സംവിധാനം ഉറപ്പാക്കണം. ഒപ്പം കുറഞ്ഞത‌് പത്ത‌് യാത്രക്കാർക്ക‌് വിശ്രമിക്കാനുള്ള സൗകര്യവും ശൗചാലയവും വേണം. 

ഇവിടങ്ങളില്‍ ബുക്കിംഗ് ഓഫീസ് പാടില്ല
കെഎസ്ആർടിസി- സ്വകാര്യബസ് സ്റ്റാൻറുകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ബുക്കിംഗ് കേന്ദ്രങ്ങളോ സ്വകാര്യ വാഹന പാർക്കിങോ പാടില്ല.

ഓരോ 50 കിമീറ്ററിലും നിര്‍ത്തിയിരിക്കണം
യാത്രികരെയും കൊണ്ട ബസ് യാത്ര പുറപ്പെട്ടാല്‍ ഓരോ 50 കിലോമീറ്റർ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ക്ക് വാഹനം നിർത്തണം.

ചരക്കല്ല, യാത്രികരാണ് പ്രധാനം
യാത്രക്കാരുടെ ലഗേജല്ലാതെ മറ്റ് സാധനങ്ങള്‍ ബസിൽ കടത്താൻ പാടില്ല. വാഹനം കേടായാൽ പകരം യാത്ര സൗകര്യമൊരുക്കാൻ ഏജൻസി ബാധ്യസ്ഥരാണ്.

രജിസ്റ്റര്‍
യാത്രക്കാരുടെ വിവരമടങ്ങിയ രജിസ്റ്റർ ഒരുവർഷം സൂക്ഷിക്കണം

വെറും കടലാസല്ല ടിക്കറ്റ് 
യാത്രക്കാര്‍ക്ക് നല്‍കുന്ന ടിക്കറ്റിൽ വാഹനം, യാത്രക്കാർ,  ജീവനക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ ഉൾപ്പെടുത്തണം

ഡിജിറ്റല്‍ ഡിസ്പ്ല
വാഹനങ്ങൾ എവിടെ എത്തിയെന്ന‌് ഡിജിറ്റൽ സംവിധാനത്തിലൂടെ കാണിക്കണം

ത്രൈമാസ റിപ്പോര്‍ട്ട്
സർവ്വീസ് നടത്തുന്ന വിവരങ്ങള്‍ മൂന്നു മാസത്തിലൊരിക്കൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നൽകണം.