Asianet News MalayalamAsianet News Malayalam

ഹോണ്ട സിറ്റി അഞ്ചാമന്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിയുടെ  അഞ്ചാം തലമുറയുടെ വിപണിപ്രവേശന തീയ്യതി പുറത്ത്

New Honda City Launch Date Revealed
Author
delhi, First Published Jul 6, 2020, 3:41 PM IST

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിയുടെ  അഞ്ചാം തലമുറയുടെ വിപണിപ്രവേശനം ജൂലൈ 15ന് നടക്കും. ജൂണ്‍ പകുതിയോടെ തന്നെ പുതിയ സിറ്റിയുടെ ഔദ്യോഗിക ബുക്കിങ്ങ് ഹോണ്ട തുറന്നിരുന്നു. ഹോണ്ടയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഹോണ്ട ഫ്രം ഹോമിലുടേയും അംഗീകൃത ഡീലര്‍ഷിപ്പുകളിലുടെയും ബുക്കിങ്ങ് സ്വീകരിക്കുന്നുണ്ട്. വാഹനത്തെ കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും ഹോണ്ട പലപ്പോഴായി പുറത്തുവിട്ടിട്ടുണ്ട്. ഈ വാഹനത്തിന്റെ വില സംബന്ധിച്ച വിവരമാണ് ഇനി അറിയാനുള്ളത്. ഹോണ്ടയുടെ ഗ്രേറ്റര്‍ നോയിഡ പ്ലാന്റില്‍ പുതിയ സിറ്റിയുടെ ഉത്പാദനം അടുത്തിടെ ആരംഭിച്ചിരുന്നു. 

10 മുതല്‍ 16 ലക്ഷം വരെയാകും വാഹനത്തിന്റെ എക്‌സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായിയുടെ തന്നെ വെര്‍ണ, മാരുതി സുസുക്കി സിയാസ്, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയവരാകും സിസെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ സിറ്റിയുടെ എതിരാളികള്‍.

നാലാം തലമുറയിലെ സിറ്റിയെക്കാളും വലിപ്പത്തിലായിരിക്കും പുതുതലമുറ മോഡല്‍ എത്തുകയെന്നാണ് വിവരം. ഇന്ത്യയിലെ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ ഏറ്റവും വലിപ്പമുള്ള മോഡലും പുതിയ സിറ്റിയായിരിക്കുമെന്നാണ് സൂചന. സാങ്കേതിക സംവിധാനങ്ങളിലും ഡിസൈനിങ്ങിലും അഞ്ചാം തലമുറ സിറ്റി എറെ മുന്നിലാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. നിരത്തിലുള്ള മോഡലിനെക്കാള്‍ ഉയരവും വീതിയും നീളവും കൂടുതലാണ് വരാന്‍പോകുന്ന പുതിയ ഹോണ്ട സിറ്റിക്ക് . ഇന്റീരിയറിലും കാര്യമായ വ്യത്യാസങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. 

കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്കിലാണ് പുത്തന്‍ സിറ്റി വില്പനക്കെത്തുന്നത്. ഹോണ്ടയുടെ തന്നെ സിവിക്കിന്റെയും അക്കോര്‍ഡിന്റെയും ഒരു മിശ്രണമാണ് പുത്തന്‍ സിറ്റി. സിറ്റിയുടെ അടിസ്ഥാന ആകാരത്തിന് കാര്യമായ മാറ്റമൊന്നും ഇല്ലെങ്കിലും, പുതിയ സിറ്റിയ്ക്ക് കൂടുതല്‍ പക്വതയുള്ളതും കൂടുതല്‍ എക്‌സിക്യൂട്ടീവും ആയ ഡിസൈന്‍ ആണ്. ഹോണ്ട മോഡലുകളുടെ മുഖമുദ്രയായ വീതിയേറിയ സിംഗിള്‍ സ്ലാറ്റ് ക്രോം ഗ്രില്‍ പുത്തന്‍ സിറ്റിയിലും ഇടം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനു ഇരു വശത്തും വീതികുറഞ്ഞ എല്‍ഇഡി ഹെഡ്!ലാമ്പുകള്‍ ഇടം പിടിച്ചിരിക്കുന്നു. വശങ്ങളിലെ പ്രധാന ആകര്‍ഷണം ഹെഡ്!ലാംപ് മുതല്‍ ടെയില്‍ലാംപ് വരെ നീണ്ടു നില്‍ക്കുന്ന ഷോള്‍ഡര്‍ ലൈന്‍ ആണ്. ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ ഡിസൈനിലുള്ള 16ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റുള്ള ശ്രദ്ധേയമായ ഘടകങ്ങള്‍. കൂടുതല്‍ സ്‌റ്റൈലിഷ് ആണ് എല്‍ഇഡി ടെയില്‍ലൈറ്റ്. പക്ഷെ ടെയില്‍ ലൈറ്റ് ഒഴിച്ച് നിര്‍ത്തിയാല്‍ പിന്‍ ഭാഗത്തിന്റെ ഡിസൈനിനു കാര്യമായ പുതുമ അവകാശപ്പെടാനില്ല.

പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് 2020 ഹോണ്ട സിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ, കൂടുതല്‍ സുരക്ഷിതത്വമുള്ള പ്ലാറ്റ്‌ഫോം ആണ് ഇതെന്ന് ഹോണ്ട അവകാശപ്പെടുന്നു. മാത്രമല്ല സെഡാന്റെ നോയിസ്, വൈബ്രേഷന്‍, ഹാര്‍നെസ്സ് ലെവലുകള്‍ ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാള്‍ മെച്ചപ്പെട്ടതിരിയ്ക്കും. 4,549 എംഎം നീളം, 1,748 എംഎം വീതി, 1,489 എംഎം ഉയരം എന്നിങ്ങനെയാണ് പുത്തന്‍ സിറ്റിയുടെ അളവുകള്‍. 100 എംഎം നീളവും, 53 എംഎം വീതിയും കൂടുതലാണ് പുതിയ സിറ്റിക്ക്. പക്ഷെ ഉയരം 6 എംഎം കുറച്ചു കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുത്തന്‍ സിറ്റിയുടെ എത്തിയിരിക്കുന്നത്. 2,600 എംഎം വീല്‍ബേസില്‍ മാറ്റമില്ല.

ജാപ്പനീസ് ലാളിത്യം നിറഞ്ഞു തുളുമ്പുന്നതാണ് ഇന്റീരിയര്‍. ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഹോണ്ട ജാസിന്റെ ഡാഷ്‌ബോര്‍ഡ് അനുസ്മരിപ്പിക്കും സിംപിളാണ് പുതിയ സിറ്റിയുടെയും ഇന്റീരിയര്‍. കണ്ട്രോള്‍ ബട്ടണുകള്‍ ഒഴിവാക്കി സങ്കീര്‍ണതകള്‍ കുറച്ച ഡാഷ്‌ബോര്‍ഡ് ഒരു പക്ഷെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല. ബീജ്, ബ്ലാക്ക് കോമ്പിനേഷനിലുള്ള ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ ആണ് ഇന്ത്യക്കുള്ള മോഡലിന്. കൂടാതെ വുഡ് ഫിനിഷും നല്‍കിയിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും പുത്തന്‍ ഹോണ്ട സിറ്റി മുന്നിലാണ്. മള്‍ട്ടിഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (MID), ആപ്പിള്‍ കാര്‍പ്ലേ, സിരി വോയിസ് കണ്ട്രോള്‍ കണക്ടിവിറ്റിയുള്ള 8ഇഞ്ച് അഡ്വാന്‍സ്ഡ് ടച്ച് ഡിസ്‌പ്ലേ ഓഡിയോ, മള്‍ട്ടിഫങ്ക്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് എയര്‍കണ്ടിഷനിംഗ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍. ഇപ്പോള്‍ വില്പനയിലുള്ള സിറ്റിയിലെ ഫീച്ചറുകളായ ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് ഫങ്ക്ഷന്‍, ഇക്കോ മോഡ് എന്നിവ പുത്തന്‍ സിറ്റിയിലും തുടരും.

1.5 ലിറ്റര്‍ ഐവിടിഇസി പെട്രോള്‍ എഞ്ചിനും  അതേ 1.5 ലിറ്റര്‍ ഐഡിടിഇസി ഡീസല്‍ എന്‍ജിനും നല്‍കിയിരിക്കുന്നു. ആദ്യത്തേത് 119bhp ഉം 145Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്, രണ്ടാമത്തേത് 98bhp, 200Nm നല്‍കുന്നു. രണ്ട് എഞ്ചിനുകളും ബിഎസ് 6 നിലവാരത്തിലുള്ളതാണ്. സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയിരിക്കുന്നു. സിവിടി ഓട്ടോമാറ്റിക് ഉള്ള പെട്രോള്‍ എഞ്ചിനും ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ മാനുവല്‍ വേരിയന്റുകളുടെ ഇന്ധനക്ഷമത യഥാക്രമം 17.8 കിലോമീറ്റര്‍, 24.1 കിലോമീറ്റര്‍ എന്നിങ്ങനെയാണ്. അതേസമയം, 18.4 കിലോമീറ്റര്‍ മൈലേജ് സി വി ടി യൂണിറ്റിന്  ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അടിമുടി മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. തായ്‌ലന്‍ഡ് വിപണിയിലായിരുന്നു വാഹനത്തിന്റെ ആദ്യാവതരണം. ആസിയാന്‍ എന്‍സിഎപി സുരക്ഷാ റേറ്റിംഗില്‍ അഞ്ച് സ്റ്റാര്‍ നേടാന്‍ ഇതിന് കഴിഞ്ഞു.  

Follow Us:
Download App:
  • android
  • ios