Asianet News MalayalamAsianet News Malayalam

ചൈന കീഴടക്കിയ വിപണി തിരികെപ്പിടിക്കാന്‍ പുത്തന്‍ ക്രെറ്റയുമായി ഹ്യുണ്ടായി

ഫെബ്രുവരി 6-ന് ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് താരവുമായ ഷാരുഖ് ഖാന്‍ വാഹനം പുറത്തിറക്കും

New Hyundai Creta to be launched in India in March
Author
Mumbai, First Published Jan 9, 2020, 10:16 AM IST

ജനപ്രിയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറയെ അവതരിപ്പിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഫെബ്രുവരി 6-ന് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് താരവുമായ ഷാരുഖ് ഖാന്‍ വാഹനം പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ക്രെറ്റയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിക്കുമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് മാത്രമേ കമ്പനി വെളിപ്പെടുത്തുകയുള്ളു. 2020 മാര്‍ച്ച് പകുതിയോടെ രണ്ടാം തലമുറ കെറ്റ വില്‍പ്പനയ്ക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ ചൈനയില്‍ ക്രെറ്റയുടെ രണ്ടാം തലമുറയെ ix25 എന്ന പേരില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍ എന്നിവയൊക്കെയാണ് പുതുതലമുറ ക്രെറ്റയുടെ പ്രധാന മാറ്റങ്ങള്‍.

പുതിയ മോഡല്‍ നിലവിലെ പതിപ്പിനേക്കാള്‍ മികച്ചതും ആധുനികവുമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  പുതിയ മുന്‍ ഗ്രില്ലിനൊപ്പം എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍ എന്നിവയും 2020 ക്രെറ്റയ്ക്ക് ലഭിക്കും. കറുത്ത ട്രിം ഉള്ള സ്‌റ്റൈലിഷ് സ്പ്ലിറ്റ്-ടൈപ്പ് ടെയില്‍ ലാമ്പുകളും രണ്ട് ലൈറ്റിംഗ് ഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ് സ്ട്രിപ്പും ഉള്‍പ്പെടെ പിന്‍ഭാഗം അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. 

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ പതിപ്പില്‍ ഇടംപിടിച്ചേക്കും.

ആംബിയന്റ് ലൈറ്റിങ് സിസ്റ്റം, സെന്‍ട്രല്‍ കണ്‍ട്രോള്‍ സ്‌ക്രീനില്‍ 360 ഡിഗ്രി ക്യാമറ സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവും വാഹനത്തിലുണ്ടാകും. 

ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയയുടെ സെല്‍റ്റോസുമായി പുത്തന്‍ ക്രെറ്റയുടെ പ്ലാറ്റ്‌ഫോമും എഞ്ചിന്‍ ഓപ്ഷനുകളും പങ്കിടും. സെല്‍റ്റോസ് GT ലൈനിലെ 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പുതിയ ക്രെറ്റയിലും ഇടംപിടിച്ചേക്കും.

ഗിയര്‍ബോക്‌സ് ഓപ്ഷനുകളും സെല്‍റ്റോസിന് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് യൂണിറ്റുകള്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭിക്കും. പെട്രോളിനായി ഒരു ഓപ്ഷണല്‍ സിവിടിയും 6-സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഡീസല്‍ യൂണിറ്റിനും ലഭിക്കും.

പുതിയ വാഹനം എത്തിക്കുന്നതോടെ എംജി ഹെക്ടറും കിയ സെല്‍റ്റോസും ചേര്‍ന്നു പിടിച്ചെടുത്ത വിപണിവിഹിതം തിരികെപ്പിടിക്കാം എന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios