ദക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുത്തന്‍  എലാൻട്ര ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. 'സെൻസസ് സ്പോർട്ടിനെസ്' ഡിസൈൻ ഭാഷ്യത്തിന്റെ നിലവിലെ രൂപത്തിൽ നിന്ന് പ്രകടമായ മാറ്റങ്ങളോടെയാണ് വാഹനം വിപണിയിൽ എത്തുന്നത്.

ഇതുവരെ വാഹന വിപണിയിൽ കാണാത്ത തരം പുത്തൻ ഡിസൈനിലാണ് ഹ്യുണ്ടായി എലാൻട്രയെ അവതരിപ്പിച്ചിരിക്കുന്നത്. ഇമ്മേഴ്‌സീവ് കൊക്കൂൺ എന്ന് വിളിക്കുന്ന ഒരു ഡിസൈൻ സമീപനമാണ് പുത്തൻ എലാൻട്ര പിന്തുടരുന്നത്. ഒരു സെഡാനിലുപരി കൂപ്പെ സ്റ്റൈലാണ് പുതിയ വാഹനത്തിന്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപ്പം വലുതാണ് 2021 മോഡൽ. 56 മില്ലീമീറ്റർ നീളവും 25 മില്ലീമീറ്റർ വീതിയും കൂടുതലാണ് കാറിന്. വീൽബേസും 20 mm വർധിപ്പിച്ചു. പ്രാഥമികമായി എലാൻട്രയുടെ ഏറ്റവും പുതിയ ആവർത്തനം ഒരു പുതിയ K3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഭാരം കുറഞ്ഞതും സുരക്ഷിതവും ശക്തവുമാണെന്ന് ഹ്യുണ്ടായി പറയുന്നത്. ഡ്രൈവിംഗ് അനുഭവം കൂടുതൽ ആകർഷകമാക്കുന്നതിന് എഞ്ചിനീയർമാർ സ്റ്റിയറിംഗ് സിസ്റ്റവും സസ്പെൻഷൻ വാസ്‌തുവിദ്യയും മികച്ചതാക്കിയിട്ടുണ്ട്.

ക്യാബിൻ പൂർണമായും പ്രീമിയം ആക്കി. ബേസ് മോഡലിൽ വയർലെസ്  ആപ്പിൾ കാർ പ്ലേ ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയോട് കൂടിയ 8.0 ഇഞ്ച് ടച്ച്‌ സ്ക്രീൻ, ഫുൾ ഓപ്ഷൻ മോഡലിൽ 10.3 ഇഞ്ച് ടച്ച്‌ സ്‌ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ്‌ക്ലസ്റ്റർ തുടങ്ങി ഫീച്ചേഴ്സിന്റെ നീണ്ട നിരയും സുരക്ഷക്കായി ബ്ലൈൻഡ് സ്പോട് മോണിറ്റർ, ലൈൻ ചേഞ്ച്‌ അസ്സിസ്റ്റ്‌, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ഡ്രൈവർ അറ്റെൻഷൻ മോണിറ്റർ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഹ്യുണ്ടായ് ഈ  വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. എട്ട് സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, സ്മാർട്ട് കീ, ആംബിയന്റ് ഇല്യുമിനേഷൻ, വോയ്‌സ് കമാൻഡുകൾ, ചൂടായ സീറ്റുകൾ, മെച്ചപ്പെട്ട എർഗണോമിക്‌സ് എന്നിവയും മറ്റ് പ്രധാന സവിശേഷതകളാണ്. 

പുത്തന്‍ എലാൻട്രയ്ക്ക് ഒരു പുതിയ ഹൈബ്രിഡ് വകഭേദവും ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. 1.6 ലിറ്റർ ജിഡി ഫോർ സിലിണ്ടർ എഞ്ചിൻ 1.32 കിലോവാട്ട്സ് ലി-അയൺ ബാറ്ററിയോടൊപ്പം 139 bhp പവറിൽ 264 Nm torque സൃഷ്ടിക്കും. സ്റ്റാൻഡേർഡ് വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹൈബ്രിഡിന് ആറ് സ്പീഡ് ഡിസിടിയും ഉണ്ട്. ഇതിൽ 20 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്..

എന്നാല്‍ വാഹനത്തിന്‍റെ വിലയോ വിപണിയിൽ എത്തുന്ന സമയമോ കമ്പനി പുറത്ത് വിട്ടിട്ടില്ല.